ന്യൂഡല്‍ഹി: നാഗാലാന്‍ഡിലെ വിമതരുമായുള്ള കേന്ദ്രസര്‍ക്കാറിന്റെ സമാധാന കരാറിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. കരാര്‍ ഒപ്പുവയ്ക്കുന്നതിന് മുന്നോടിയായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ആരോപിച്ചു.
നാഗാലാന്‍ഡില്‍ കലാപം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരും നാഗാലാന്‍ഡിലെ പ്രമുഖ വിമത വിഭാഗമായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഒഫ് നാഗാലാന്‍ഡും (എന്‍.എസ്.സി.എന്‍) തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവയ്ക്കുന്ന നടപടിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയ നിലപാടിനെതിരെ സിപിഎമ്മും രംഗത്തുവന്നു.
എല്ലാവരെയും വിശ്വാസത്തിലെടുത്ത് വേണം കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കൈക്കൈള്ളേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നാഗാലാന്റ് വിമതരമായി കേന്ദ്രസര്‍ക്കാര്‍ സമാധാന കരാറില്‍ ഒപ്പുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍രുമായാണ് കരാറില്‍ ഒപ്പുവെച്ചത്.
നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ആറ് പതിറ്റാണ്ട് നീണ്ട നാഗാ പ്രശ്‌നം പരിഹരിക്കുന്നതിന് തുടക്കമിടാന്‍ കഴിഞ്ഞത് ചരിത്രപരമായ നേട്ടമാണെന്നായിരുന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനവും പുരോഗതിയും ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.