നാണ്യപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിരക്കില്‍

ന്യൂഡല്‍ഹി:  നാണ്യപ്പെരുപ്പം കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 1.77 ശതമാനമായിട്ടാണ് കുറഞ്ഞത്. സെപ്റ്റംബറില്‍ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 2.38 ശതമാനമായിരുന്നു.

ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പവും ചരിത്രത്തിലെ ഏറ്റവും വലിയ കുറവു രേഖപ്പെടുത്തിക്കൊണ്ട് 5.52 ശതമാനമായി കുറഞ്ഞിരുന്നു.  സെപ്റ്റംബറില്‍ ഇത് 6.46 ശതമാനമായിരുന്നു.

ഒക്ടോബറില്‍ ചില ഉത്പന്നങ്ങള്‍ നാണ്യപ്പെരുപ്പത്തെ സമ്മര്‍ദത്തിലാക്കിയിരുന്നു.
പഴവര്‍ഗങ്ങല്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ 19.35 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. പാലിന്റെ വിലയില്‍ 11.39 ശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടായി. എന്നാല്‍ ഇവയെ ഒഴിച്ച് ഉയര്‍ന്നുനിന്നിരുന്ന ഗോതമ്പ്, സവാള, മുട്ട, മത്സ്യം, മാംസം, എല്‍പിജി ഗ്യാസ്, പെട്രോള്‍, ഭക്ഷ്യയെണ്ണ എന്നിവയുടെ വില ക്രമേണ കുറവിലേക്കു വന്നു.

നാണ്യപ്പെരുപ്പത്തില്‍ ഉണ്ടായിരിക്കുന്ന ഈ കുറവ് പലിശ നിരക്കുകളില്‍ ആര്‍ബിഐ ഇളവു വരുത്തണമെന്നുള്ള ആവശ്യത്തിനു കൂടുതല്‍ ശക്തി പകര്‍ന്നിട്ടുണ്ട്.  ഡിസംബര്‍ രണ്ടിനാണ് ആര്‍ബിഐയുടെ അടുത്ത നയപ്രഖ്യാപനം.

Top