മുംബൈ: മഹാത്മാ ഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്‌സെ ഒരു ദേശസ്‌നേഹിയായിരുന്നുവെന്ന് പറഞ്ഞ ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്റെ പ്രസ്താവന വിവാദമാകുന്നു. ‘ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നു, ഗാന്ധിജിയും രാജ്യത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്’.എന്നായിരുന്നു ബി.ജെ.പി എം.പി പറഞ്ഞത്.
എന്നാല്‍ പ്രസ്താവന വിവാദമായ ഉടനെ തന്നെ എം.പി പ്രസ്താവന തിരുത്താന്‍ ശ്രമിച്ചു. എന്തെങ്കിലും തെറ്റായി പറഞ്ഞെങ്കില്‍ തിരിച്ചെടുക്കുന്നുവെന്നും നാഥൂറാം ഗോഡ്‌സെ ദേശ സ്‌നേഹിയായിരുന്നെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ആര്‍.എസ്.എസ് മുസ്ലിങ്ങളെ മതപരിവര്‍ത്തനം ചെയ്തത സംഭവത്തിന്റെ പ്രതിഷേധം കെട്ടടങ്ങുന്നതിന് മുമ്പാണ് വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി രംഗത്തെത്തിയിരിക്കുന്നത്. സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ പ്രസ്താവനയും നേരത്തേ വിവാദമായിരുന്നു.
നാഥൂറാം ഗോഡ്‌സെ ഗാന്ധിജിയെ ആയിരുന്നില്ല മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയായിരുന്നു കൊല്ലേണ്ടിയിരുന്നതെന്ന് ഒക്ടോബറില്‍ ആര്‍.എസ്.എസിന്റെ ഒരു ലേഖനം പറഞ്ഞിരുന്നു. ഗോഡ്‌സെ നെഹ്‌റുവിനേക്കാള്‍ മികച്ച വ്യക്തിയായിരുന്നുവെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. ഗോഡ്‌സെ ആര്‍.എസ്.എസുകാരനായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വച്ഛഭാരത് അഭിയാന്‍ പദ്ധതി മഹാത്മാ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളോട് സാമ്യപ്പെടുത്തി വരുന്നതിനിടെയായിരുന്നു നാഥൂറാം ഗോഡ്‌സെയെ കുറിച്ചുള്ള ആര്‍.എസ്.എസിന്റെ ലേഖനം വരുന്നത്.