കൊച്ചി: കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ജനകീയ മുഖമായിരുന്ന മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെയും കരുത്തിന്റെ പ്രതീകമായിരുന്ന എം.വി രാഘവന്റെയും മക്കള്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജനശ്രദ്ധയാകര്‍ഷിക്കും.
ഇ.കെ നായനാരുടെ മകള്‍ ഉഷ കൊച്ചി കോര്‍പറേഷനിലെ രവിപുരം വാര്‍ഡിലാണ് ജനവിധി തേടുന്നത്.
എ.വി രാഘവന്റെ മകള്‍ എം.വി ഗിരിജ കണ്ണൂര്‍ കോര്‍പറേഷനിലേക്കാണ് മത്സരിക്കുന്നത്. ഇരുവരും ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളായാണ് കന്നിയങ്കത്തിനിറങ്ങുന്നത്.
കൊച്ചി മേയര്‍ സ്ഥാനത്തേക്ക് ഉഷയെ ഉയര്‍ത്തിക്കാട്ടുന്നത് വഴി നഷ്ടപ്പെട്ട കോര്‍പറേഷന്‍ ഭരണമാണ് ഇടത്പക്ഷം ലക്ഷ്യമിടുന്നത്.
നായനാരോടുള്ള ജനങ്ങളുടെ സ്‌നേഹം തുണച്ചാല്‍ കോര്‍പറേഷന്‍ ഭരണം പിടിക്കാമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍.
കണ്ണൂര്‍ കോര്‍പറേഷനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. കണ്ണൂര്‍ ജില്ലയില്‍ സിപിഎം മേധാവിത്വമാണെങ്കിലും നിരവധി വര്‍ഷങ്ങളായി കണ്ണൂര്‍ മുനിസിപ്പാലിറ്റി യുഡിഎഫ് ഭരണത്തിലാണ്.
കോര്‍പറേഷനായതിന് ശേഷം നടക്കുന്ന പ്രഥമ തെരഞ്ഞെടുപ്പിലും യുഡിഎഫ് കേന്ദ്രങ്ങള്‍ ആത്മവിശ്വാസത്തിലാണ്.
എന്നാല്‍ എം.വി രാഘവനോടുള്ള കണ്ണൂര്‍ ജനതയുടെ താല്‍പര്യവും സിപിഎമ്മിന്റെ സംഘടനാ അടിത്തറയും ചേരുമ്പോള്‍ അട്ടിമറി വിജയം നേടാമെന്ന പ്രതീക്ഷയിലാണ് സിപിഎം ജില്ലാ നേതൃത്വം. ഇടതുമുന്നണിക്കൊപ്പമുള്ള സിഎംപി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് ഗിരിജ.