നാല് കൊല്ലമായി പാര്‍ട്ടിയോട് ചെയ്ത തെറ്റ് യുഡിഎഫ് തിരുത്തണമെന്ന് ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: നാല് കൊല്ലമായി പാര്‍ട്ടിയോട് ചെയ്ത തെറ്റ് യുഡിഎഫ് തിരുത്തണമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് ബി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ആദ്യം ഉമ്മന്‍ ചാണ്ടി മറുപടി പറയണം. അതിനു ശേഷം തന്നെ ഉപദേശിച്ചാല്‍ മതി. ചാവേറായ തങ്കച്ചനെ കൊണ്ട് ഉമ്മന്‍ ചാണ്ടി മറുപടി പറയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടി തെറ്റുകളുടെ കൂമ്പാരമാണ്. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ വിളിക്കാത്തത് വലിയ തെറ്റായിരുന്നു. യുഡിഎഫില്‍ തുടരുമെങ്കിലും മുന്നണി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

ബിജു രമേശ് പറഞ്ഞതും അതിലും വലിയ ആരോപണങ്ങളും താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ആരോപണങ്ങള്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി സ്വീകരിച്ചത് അപമാനിക്കുന്ന നിലപാടാണ്.

പണം വാങ്ങിയത് ഒരാള്‍ മാത്രമാണെന്ന് വിശ്വസിക്കുന്നില്ല. പല മാന്യന്‍മാരുമുണ്ട്. പണം വാങ്ങിയതിന് തെളിവുകളുണ്ട്. കോഴ ആരോപണങ്ങള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കാന്‍ തയ്യാറാകണം. ഒരുപാട് തെറ്റുകള്‍ ചെയ്ത ആളാണ് മുഖ്യമന്ത്രി.

വി.എസ് തന്റെ അഴിമതി വിരുദ്ധ പോരാട്ടം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Top