തിരുവനന്തപുരം: പ്രക്ഷുബ്ധമാകാവുന്ന രാഷ്ട്രീയാന്തരീക്ഷം നിലനില്‍ക്കെ കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ തുടങ്ങുന്നു. രാഷ്ട്രീയ ഭരണ വിവാദങ്ങള്‍ക്ക് ഒരു കുറവുമില്ലാത്ത പശ്ചാത്തലത്തിലാണ് നിയമനിര്‍മാണം മാത്രം ലക്ഷ്യമിട്ട് പതിനാല് ദിവസം സഭ സമ്മേളിക്കുന്നത്. നികുതി വര്‍ധന, ബാര്‍ കോഴ തുടങ്ങി സര്‍ക്കാറിനെതിരെ തിരിയാന്‍ ആയുധങ്ങള്‍ ഏറെയുണ്ട് പ്രതിപക്ഷത്തിന്. അഡ്ജസ്റ്റ്‌മെന്റ് സമര വിവാദം മുതല്‍ പാര്‍ട്ടി അണികള്‍ തന്നെ കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സംഭവം വരെ പ്രത്യാക്രമണത്തിനായി ഭരണപക്ഷവും ഉപയോഗപ്പെടുത്തും.
പക്ഷിപ്പനി, വിലക്കയറ്റം തുടങ്ങി ജനകീയ വിഷയങ്ങള്‍ വേറെയും. ഇരുപക്ഷവും അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ സഭാ സമ്മേളനം സംഭവബഹുലമാകുമെന്നുറപ്പ്. ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് സമ്മേളനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൊണ്ടുവന്ന പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ധനകാര്യ ബില്ലുകളും പാസാക്കിയെടുക്കേണ്ടതുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകളെയും മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ഥനകളെയും സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും ഡിസംബര്‍ പതിനഞ്ചിനാണ്.
ഇവയുടെ ധനവിനിയോഗ ബില്ലുകള്‍ പതിനെട്ടിനാണ് പരിഗണിക്കുന്നത്. എന്തുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയെന്ന ചോദ്യമാകും ധനകാര്യ ബില്‍ പരിഗണനയില്‍ ഉന്നയിക്കപ്പെടുക. സഭയുടെ അനുമതിയില്ലാതെ നികുതി നിരക്കുകള്‍ ക്രമാതീതമായി ഉയര്‍ത്തിയത് പ്രതിപക്ഷം ചോദ്യം ചെയ്യും. ധനമന്ത്രി കെ എം മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഇതോട് ചേര്‍ത്ത് അവതരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുമെന്നുറപ്പ്. ബാര്‍ കോഴ വിഷയത്തില്‍ മാണിയോട് മൃദുസമീപനം കാണിച്ചെന്ന വിമര്‍ശം സി പി എമ്മിനെ തിരിഞ്ഞു കുത്തുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ അവര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.