തിരുവനന്തപുരം: പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലുള്ളവനെന്ന് സിപിഎം വിലയിരുത്തിയ വി.എസ് അച്യുതാനന്ദന്റെ കീഴില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതൃപട നാളെ നിയമസഭയില്‍ അണിനിരക്കും.
പാര്‍ട്ടിയുടെ വിവാദ പ്രമേയം പിന്‍വലിക്കാതെ പാര്‍ട്ടിയോട് സഹകരിക്കില്ലെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുന്ന വി.എസും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടില്‍ നില്‍ക്കുന്ന സിപിഎം നേതൃത്വവും നിയമസഭയില്‍ എങ്ങനെയാണ് ഒത്തൊരുമിച്ച് നില്‍ക്കുക എന്നറിയാന്‍ ആകാംക്ഷയോടെ കാത്ത് നില്‍ക്കുകയാണ് ഭരണപക്ഷ അംഗങ്ങള്‍.
നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലെ സുപ്രധാന പരിപാടി 13ലെ ബജറ്റാണ്. ബാര്‍ കോഴ കേസില്‍ അന്വേഷണം നേരിടുന്ന ധനമന്ത്രി കെ.എം മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷവും മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന നിലപാടില്‍ ഭരണപക്ഷവും ഉറച്ച് നില്‍ക്കുന്നത് 13നെ സ്‌ഫോടനാത്മകമായ ദിനമാകുമെന്ന കാര്യം ഉറപ്പാണ്.
മാണിക്കെതിരെ സഭയ്ക്കകത്തും പുറത്തും വിപുലമായ പ്രക്ഷോഭ പരിപാടികളാണ് ഇടത് സംഘടനകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. പാര്‍ട്ടിയിലെ ഒന്നാമനായ കോടിയേരി ബാലകൃഷ്ണന്‍ സഭയില്‍ വി.എസിന്റെ കീഴില്‍ രണ്ടാമനായി ഇരിക്കേണ്ടി വരുന്നതും ഈ സഭാ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. കോടിയേരിയുടെ പ്രതിപക്ഷ ഉപനേതാവ് എന്ന നിലയിലുള്ള സഭയിലെ അവസാനത്തെ പ്രകടനത്തിനായിരിക്കും ഈ ബജറ്റ് സമ്മേളനം സാക്ഷ്യം വഹിക്കുക.
പാര്‍ട്ടി സെക്രട്ടറി പദവും പ്രതിപക്ഷ ഉപനേതൃസ്ഥാനവും ഒരുമിച്ച് കൊണ്ടുപോവില്ലെന്ന് കോടിയേരി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇ.പി ജയരാജനോ, തോമസ് ഐസക്കോ ആയിരിക്കും പിന്‍ഗാമിയാവുക.
വി.എസിനെതിരായ പ്രമേയം സിപിഎം പോളിറ്റ് ബ്യൂറോ തള്ളാതിരിക്കുകയും കേന്ദ്ര കമ്മറ്റിയില്‍ നിന്ന് വി.എസിനെ സംസ്ഥാന കമ്മറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്താല്‍ പ്രതിപക്ഷ നേതൃസ്ഥാനം വി.എസ് രാജിവയ്ക്കുവാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പരസ്പരം ‘ഉടക്കി’ നില്‍ക്കുന്ന രണ്ട് കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ പകുത്ത് നല്‍കാന്‍ സിപിഎം നേതൃത്വത്തിന് കഴിയും.
അപ്പോഴും ആര്‍ക്കാണ് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കേണ്ടത് എന്ന കാര്യത്തില്‍ സിപിഎം നേതൃത്വത്തിന്റെ തലവേദന മാറില്ല. താല്‍ക്കാലികമായെങ്കിലും ഇ. പി ജയരാജനെ വി.എസിന്റെ പിന്‍ഗാമിയാക്കാനാണ് പിണറായി വിജയന് താല്‍പര്യം.
അതേസമയം തോമസ് ഐസക്കിനെ പരിഗണിക്കാമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി. വി.എസ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രാജിവച്ചാല്‍ അത് സിപിഎമ്മില്‍ പുതിയ ധ്രുവീകരണത്തിന് തുടക്കമിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍.
പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തലകുനിച്ച് പടിയിറങ്ങിയ വി.എസ് തലയുയര്‍ത്തി നിയമസഭാ സമ്മേളന ഹാളില്‍ പ്രവേശിച്ചാല്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന കാര്യത്തില്‍ സിപിഎം നേതൃത്വത്തിനും ആശങ്കയുണ്ട്.
സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ വി.എസ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കാന്‍ സഭയിലെ സിപിഎം അംഗങ്ങള്‍ക്കും ഇടത് ഘടകകക്ഷി എം.എല്‍എമാര്‍ക്കും ബാധ്യതയുണ്ട്. കോടിയേരിക്ക് പോലും സഭയില്‍ വി.എസിന്റെ നിര്‍ദേശങ്ങള്‍ തള്ളിക്കളയാന്‍ പറ്റില്ല.
ഇടത് ഘടകകക്ഷി എംഎല്‍എമാരെ വിശ്വാസത്തിലെടുത്ത് നീങ്ങാനാണ് വി.എസിന് താല്‍പര്യമെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന സൂചന. സിപിഎം അംഗങ്ങളോടുള്ള അതൃപ്തി സഭയിലെ പെരുമാറ്റത്തില്‍ വി.എസ് കാണിച്ചാല്‍ അത് വലിയ വിവാദമാകുമെന്നും ഉറപ്പാണ്. വി.എസിനെ പ്രകോപിപ്പിക്കുന്ന നടപടി ഉണ്ടാകരുതെന്ന് സിപിഎം അംഗങ്ങള്‍ക്ക് കോടിയേരി ബാലകഷ്ണന്‍ ഇതിനകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ 13ന് നിയമസഭയ്ക്ക് പുറത്ത് നടക്കുന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യാന്‍ വി.എസിനെ വിളിക്കണോയെന്ന കാര്യത്തിലും സിപിഎമ്മില്‍ ഭിന്നാഭിപ്രായമുണ്ട്. വി.എസിന്റെ ഭാഗത്ത് നിന്ന് എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടി നേതൃത്വത്തിനെതിരായ പരാമര്‍ശം ഉണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം നേതൃത്വം.
വി.എസിനെതിര ഇ.പി ജയരാജന്‍ നടത്തിയ പരാമര്‍ശത്തിന് ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്ന് നേരത്തെ വി.എസ് വ്യക്തമാക്കിയിരുന്നു. നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്ന വി.എസിന്റെ നിലപാടും സിപിഎമ്മിനും ഇടത് ഘടകകക്ഷികള്‍ക്കും നിര്‍ണായകമാണ്.
പുതിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വി.എസുമായി വളരെ അടുത്ത വ്യക്തിബന്ധമുള്ള ആളാണെന്ന യാഥാര്‍ത്ഥ്യം സിപിഎം നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നതാണ്.