പട്‌ന : മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സഖ്യകക്ഷിയായ ആര്‍ജെഡി പരസ്യമായി രംഗത്തെത്തിയതോടെ ബിഹാറില്‍ ഭരണസഖ്യത്തിലെ ഭിന്നത രൂക്ഷം. ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രഘുവംശ്പ്രസാദ് സിങ്ങാണ് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയത്.
ദേശീയതലത്തില്‍ ബിജെപി വിരുദ്ധ സഖ്യത്തിന്റെ സ്വയംപ്രഖ്യാപിത നേതാവാകാനുള്ള നിതീഷിന്റെ നീക്കം സ്വാര്‍ഥതയാണെന്നു രഘുവംശ്പ്രസാദ് മുന്നറിയിപ്പു നല്‍കി. വിവിധ സംസ്ഥാനങ്ങളില്‍ നിതീഷ് പര്യടനം നടത്തുന്നത് ആര്‍ജെഡി ഉള്‍പ്പെടെയുള്ള കക്ഷികളോട് ആലോചിക്കാതെയാണ്.
ഭരണത്തിന്റെ ഡ്രൈവര്‍സീറ്റിലുള്ള നിതീഷിനാണു ക്രമസമാധാനപാലനം കുറ്റമറ്റതാക്കാനുള്ള ഉത്തരവാദിത്തം. മുക്കിലും മൂലയിലും മദ്യശാലകള്‍ക്ക് അനുമതി നല്‍കിയ നിതീഷ് ഇപ്പോള്‍ സമ്പൂര്‍ണ മദ്യനിരോധനത്തിന് അമിതോല്‍സാഹം കാട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ വിശ്വസ്തനായ രഘുവംശിന്റെ ആരോപണങ്ങളെ ജെഡിയു നേതാക്കള്‍ തള്ളിപ്പറഞ്ഞെങ്കിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ പെരുകുകയും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ പ്രതിരോധത്തിലായ നിതീഷിന് ആര്‍ജെഡിയുടെ കുറ്റപ്പെടുത്തല്‍ വന്‍ തിരിച്ചടിയാണ്.
ന്മഉപമുഖ്യമന്ത്രിയും ലാലുവിന്റെ മകനുമായ തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ക്ക് ആര്‍ജെഡി തയാറാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്. ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്നാല്‍ 107 എംഎല്‍എമാരാണുള്ളത്.
സര്‍ക്കാരുണ്ടാക്കാന്‍ 15 എംഎല്‍എമാരുടെ പിന്തുണകൂടി മതിയാവും. മദ്യനിരോധനത്തോടെ നിതീഷും ജെഡിയുവും മദ്യലോബിയുടെയും ബിസിനസ് സമൂഹത്തിന്റെയും കടുത്ത എതിര്‍പ്പാണു നേരിടുന്നത്.
മദ്യം കൈവശംവച്ചതിനു പാര്‍ട്ടി എംഎല്‍എക്കെതിരെ കേസെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസിനും അനിഷ്ടമുള്ളതായാണു സൂചന.