ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി പാര്‍ട്ടിയില്‍ ഒരു തര്‍ക്കവുമുണ്ടാവില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടി തിളക്കമാര്‍ന്ന വിജയം നേടും. ഈ വിജയത്തിന്റെ തുടര്‍ച്ചയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാവാന്‍ പോകുന്ന വന്‍ വിജയമെന്നും കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടി.
യുഡിഎഫിന്റെയും ബിജെപി-വെള്ളാപ്പള്ളി കൂട്ടുകെട്ടിനെയും അതിജീവിക്കാന്‍ വിഎസ്-പിണറായി-കോടിയേരി കൂട്ടുകെട്ടിന്റെ ഫലപ്രദമായ ഇടപെടല്‍ വഴി കഴിഞ്ഞുവെന്ന വിലയിരുത്തലിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍.
93 കാരനായ വിഎസ് പ്രായം മറന്ന് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ഇളക്കിമറിച്ചതിലും എതിരാളികളെ പ്രതിരോധത്തിലാക്കിയതിലും സിപിഎം കേന്ദ്രനേതൃത്വത്തിന് പോലും ആവേശമായിട്ടുണ്ടെങ്കിലും വിഎസിന്റെ ആരോഗ്യസ്ഥിതിയില്‍ പാര്‍ട്ടി നേതൃത്വം ആശങ്കാകുലരാണ്. ശാരീരികാസ്വസ്ഥം മൂലം മധ്യകേരളത്തിലെ പ്രചാരണ പരിപാടികള്‍ വിഎസിന് റദ്ദാക്കേണ്ടി വന്നതാണ് ആശങ്കയ്ക്ക് കാരണം.
മുന്‍ മുഖ്യമന്ത്രി നായനാരുടെ മകള്‍ ഉഷ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എറണാകുളത്തും കോര്‍പ്പറേഷന്‍ പരിധിയിലെ രവിപുരത്തെ സമാപന പൊതുയോഗവും ദേഹാസ്വാസ്ഥ്യം മൂലം വിഎസ് ഒടുവില്‍ റദ്ദാക്കിയിരുന്നു.
തുടര്‍ച്ചയായ പൊതു പരിപാടികളാണ് വിഎസിന് വിനയായതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
വിഎസിന്റെ അഭാവത്തില്‍ പിണറായി വിജയനും കോടിയേരിയുമാണ് പ്രചാരണം അവസാന ഘട്ടത്തില്‍ ഏറ്റെടുത്ത് നയിക്കുന്നത്.
വിശ്രമത്തിലിരിക്കെ മകന്‍ അരുണ്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള വിജിലന്‍സ് തീരുമാനം പുറത്തായത് വിഎസിനെ പ്രകോപിപ്പിച്ചിരുന്നു.
ഓലപാമ്പ് കാട്ടി പേടിപ്പിക്കേണ്ട എന്നുപറഞ്ഞ് തിരിച്ചടിച്ചാണ് വിഎസ് എതിരാളികളുടെ വായ അടപ്പിച്ചത്.
വിഎസിന്റെ മകനെതിരായ വിജിലന്‍സ് നടപടിക്കെതിരെ പിണറായി വിജയന്‍ ശക്തമായി രംഗത്തു വന്നതും ശുഭസൂചകമായിട്ടാണ് സിപിഎം കേന്ദ്രനേതൃത്വവും അണികളും കാണുന്നത്.
അഭിപ്രായ ഭിന്നതകള്‍ മറന്ന് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടതുപോലെ നിയമസഭാ തിരഞ്ഞെടുപ്പിനേയും വിഎസും പിണറായിയും കോടിയേരിയും ചേര്‍ന്ന് നയിക്കണമെന്നതാണ് അവരുടെ ആഗ്രഹം.
വിഎസിന്റെ പൂര്‍ണ്ണ സമ്മതത്തോടെ തന്നെ അടുത്ത നായകനെ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം.
എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും പാര്‍ട്ടിവിട്ടൊരു കളിക്ക് താനില്ലെന്ന് വിഎസ് പലവട്ടം തെളിയിച്ചതിനാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തിലും ദീര്‍ഘവീക്ഷണമുള്ള ഒരു നിലപാട് വിഎസ് എടുക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ.
മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയാലും ഇല്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ നായകന്‍ വിഎസ് തന്നെയായിരിക്കുമെന്ന കാര്യത്തില്‍ അണികള്‍ക്കും നേതാക്കള്‍ക്കും മറ്റൊരു അഭിപ്രായവുമില്ല.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഎസുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
സംസ്ഥാന കമ്മറ്റിയില്‍ ഒഴിവുള്ള സീറ്റില്‍ വിഎസിനെ ഉള്‍പ്പെടുത്തുന്നതിനോട് സിപിഎം സംസ്ഥാന ഘടകത്തിനും നിലവിലെ സാഹചര്യത്തില്‍ എതിര്‍പ്പ് ഇല്ലാത്തതിനാല്‍ കേന്ദ്ര കമ്മിറ്റി ക്ഷണിതാവെന്ന നിലയിലല്ലാതെ തന്നെ പാര്‍ട്ടിയില്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനുള്ള അവസരവും വി എസിന് ഉടനെ ഉണ്ടാകും.
ഇടതുപക്ഷത്തുനിന്ന് വിട്ടുപോയ ജെഡിയു, ആര്‍എസ്പി കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം എന്നീ ഘടക കക്ഷികളെ മടക്കിക്കൊണ്ടുവരാന്‍ വിഎസും പിണറായിയും കോടിയേരിയും മുന്‍കൈ എടുക്കണമെന്ന നിര്‍ദ്ദേശവും സിതാറാം യെച്ചൂരി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
ബംഗാളില്‍ അധികാരം നഷ്ടപ്പെട്ട ക്ഷീണം മറികടക്കാന്‍ ഒരു പരിധി വരെ കേരളത്തിലെ തിരിച്ചുവരവ് വഴി കഴിയുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം കേന്ദ്രനേതൃത്വം.