നിര്‍ബന്ധമല്ല,സര്‍ക്കാരിന്റെ ആറ് സേവനങ്ങള്‍ക്കു കൂടി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ ആറ് സേവനങ്ങള്‍ക്കു കൂടി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാകില്ലെന്നും എന്നാല്‍ സേവനപദ്ധതികള്‍ക്കായി ഇവ ഉപയോഗിക്കാമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവിധ പെന്‍ഷന്‍ പദ്ധതികള്‍, ജന്‍ധന്‍ യോജന, ഇപിഎഫ് എന്നീ സേവനങ്ങള്‍ക്ക് ആധാര്‍ ഉപയോഗിക്കാം.

ഈ പദ്ധതികള്‍ക്ക് ആധാര്‍ ഉപയോഗിക്കണോയെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. ഇതു നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്. എച്ച്.എല്‍. ദത്ത് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

നിലവിലുള്ള ഗ്യാസ് സബ്‌സിഡിക്കു പുറമെയാണ് ആറു സേവനങ്ങള്‍ക്കു കൂടി ആധാര്‍ വ്യാപിപ്പിച്ചത്. 92 കോടി രൂപയോളം ആധാര്‍ പദ്ധതിക്കായി ചെലവാക്കിയതായും വളരെ സുരക്ഷിതമായാണ് ആധാര്‍ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ സേവനങ്ങള്‍ ലഭിക്കാനായി ആധാര്‍ നിര്‍ബന്ധമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് പിന്‍വലിക്കാനാവില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Top