നിസാം കാറിടിപ്പിച്ച് കൊന്ന ചന്ദ്രബോസിന്റെ പോസ്റ്റ്‌മോര്‍ട്ടം വൈകുന്നു

തൃശൂര്‍: വിവാദ വ്യവസായി മുഹമ്മദ് നിസാം കാറിടിപ്പിച്ചു കൊന്ന ചന്ദ്രബോസിന്റെ പോസ്റ്റ്‌മോര്‍ട്ടം വൈകുന്നു. വിദഗ്ധ സംഘം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന പോലീസിന്റെ ആവശ്യം തള്ളി. ഫോറന്‍സിക് വിഭാഗത്തോട് ഇക്കാര്യം നേരത്തേ തന്നെ ഉന്നയിച്ചിരുന്നു.
കഴിഞ്ഞമാസം 29ന് പുലര്‍ച്ചെയാണ് നിസാമിന്റെ കാറിടിച്ചു പരിക്കേറ്റ ചന്ദ്രബോസിനെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് ചന്ദ്രബോസ് മരിച്ചത്. നിസാമിനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.

ഗേറ്റ് തുറക്കാന്‍ വൈകിയെന്ന കാരണത്തിന് പ്രകോപിതനായ നിസാമും ചന്ദ്രബോസും തമ്മില്‍ കശപിശയുണ്ടാവുകയും രോഷാകുലനായ നിസാം ചന്ദ്രബോസിനെ മര്‍ദിക്കുകയുമായിരുന്നു. അര്‍ധരാത്രിയായിരുന്നു സംഭവം. മര്‍ദനമേറ്റ് അവശനായി മതിലില്‍ ചാരി നിന്ന ചന്ദ്രബോസിനെ തന്റെ ഹമ്മറില്‍ പിന്നാലെയെത്തി മതിലില്‍ ചേര്‍ത്തിടിക്കുകയായിരുന്നു. ഇടിയില്‍ ചന്ദ്രബോസിന്റെ ആന്തരാവയവങ്ങള്‍ പലതും തകര്‍ന്നിരുന്നു.

അതീവഗുരുതരമായ പരുക്കുകളാണ് ചന്ദ്രബോസിനുണ്ടായിരുന്നത്. പലതവണ ചന്ദ്രബോസിന്റെ ആരോഗ്യനില വഷളായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരമുള്ള പരിചരണമാണ് ചന്ദ്രബോസിന് നല്‍കിയിരുന്നത്. എല്ലാ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കാമെന്നും വാഗ്ദാനവും നല്‍കിയിരുന്നു.

Top