തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ നിസാമിനെ രക്ഷിക്കാന്‍ ഡിജിപിക്ക് വേണ്ടി ഇടപെട്ടത് മുന്‍ ഡിജിപി എം.എന്‍ കൃഷ്ണമൂര്‍ത്തിയെന്ന് സൂചന. കൃഷ്ണ മൂര്‍ത്തിയും കമ്മിഷണറായിരുന്ന ജേക്കബ് ജോര്‍ജും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ സിഡിയാണ് പിസി ജോര്‍ജ് മുഖ്യമന്ത്രിക്ക് കൈമാറിയത്. സിഡിക്കൊപ്പം അന്വേഷണം ആവശ്യപ്പെട്ട് പി.സി ജോര്‍ജ് മുഖ്യമന്ത്രിക്ക് കൈമാറിയ കത്തും പുറത്തായി.
കാപ്പ ചുമത്തുന്നതില്‍ ഇളവ് നല്‍കണമെന്നതാണ് മൂര്‍ത്തി ടെലിഫോണില്‍ ആവശ്യപ്പെടുന്നത്. സിഡിയിലെ 40 മിനുട്ടുള്ള ശബ്ദരേഖയില്‍ നിസാം വേണ്ടപ്പെട്ട ആളാണെന്ന് മുന്‍ ഡിജിപി പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങളൊന്നും നടക്കുന്നില്ലല്ലോ എന്നും സ്വാമിക്ക് (ഡിജിപി ബാലസുബ്രഹ്മണ്യം) താല്പര്യമുള്ള കാര്യം അറിയാമല്ലോ എന്നും ശാസനാരൂപത്തിലും കൃഷ്ണമൂര്‍ത്തി സംസാരിക്കുന്നുണ്ട്.
ശുപാര്‍ശകള്‍ നടപ്പിലാക്കാത്തതിന് ജേക്കബ് ജോര്‍ജിനോട് ഡിജിപിക്ക് വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നും പിസി ജോര്‍ജിന്റെ കത്തില്‍ ആരോപണമുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് പേജുള്ള കത്താണ് പി.സി ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്‍കിയത്.
ഇതില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സി.ഐ. ബിജു കുമാറിനെതിരെയും പരാമര്‍ശമുണ്ട്. ചന്ദ്രബോസിന്റെ വസ്ത്രം ഏറ്റെടുക്കാത്തതിലും പ്രതി നിസാമുമായി ബാംഗ്ലൂരിലേക്കുള്ള യാത്രയെക്കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നു.
അന്വേഷണകാലത്ത് ഡിജിപി ഒരു വസ്ത്രസ്വര്ണ വ്യാപാരിയുടെ അതിഥിയായി മൂന്ന് ദിവസം കഴിഞ്ഞതിനെക്കുറിച്ചും , ഈ വസ്ത്രവ്യാപാരിക്ക് നിസാമുമായി അടുത്തബന്ധമുള്ളതിനെക്കുറിച്ചും കത്തിലുണ്ട്.
എന്നാല്‍, ടെലിഫോണ്‍ സംഭാഷണം അടങ്ങിയ സിഡി വ്യാജമാണെന്നും ജീവിതത്തില്‍ ഇതുവരെ അഴിമതി കാണിച്ചിട്ടില്ലെന്നും മുന്‍ ഡിജിപി എം.എന്‍. കൃഷ്ണമൂര്‍ത്തി പറഞ്ഞു. പി.സി ജോര്‍ജിന്റെ കത്തിനെക്കുറിച്ചുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ല. മറ്റുകാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.