നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

സ്റ്റോക്ക്‌ഹോം: നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജരായ മൂന്ന് ഗവേഷകര്‍ക്ക് 2014 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ജപ്പാന്‍ ഗവേഷകരായ ഇസാമു അകസാകി, ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ എന്നിവരാണ് 6.6 കോടി പുരസ്‌കാരതുകയുള്ള സമ്മാനം പങ്കിട്ടത്.

‘ഊര്‍ജക്ഷമതയേറിയ ശക്തിയേറിയ പ്രകാശസ്രോതസ്സ് എന്ന നിലയ്ക്ക് നീല ലൈറ്റ്എമിറ്റിങ് ഡയോഡുകള്‍ ( blue LED ) വികസിപ്പിച്ചതിനാ’ണ് ഈ മൂന്ന് ഗവേഷകര്‍ നൊബേല്‍ പങ്കിടുന്നത്.

1990 കളുടെ ആദ്യവര്‍ഷങ്ങളിലാണ് ഈ മൂന്ന് ഗവേഷകരും പുതിയ എല്‍.ഇ.ഡിക്ക് രൂപംനല്‍കിയത്. പ്രകാശ സാങ്കേതികവിദ്യയില്‍ മൗലിക മാറ്റം സൃഷ്ടിക്കുന്ന മുന്നേറ്റമായിരുന്നു അത്.

നിലവിലുണ്ടായിരുന്ന പച്ച, ചുവപ്പ് എല്‍.ഇ.ഡി.കളുമായി നീല വെളിച്ചം സമ്മേളിപ്പിച്ചാണ്, തീവ്രതയേറിയ പ്രകാശമുള്ള, അതേസമയം കുറച്ച് ഊര്‍ജം ചിലവാക്കുന്ന വൈദ്യുതവിളക്കുകള്‍ക്ക് രൂപംനല്‍കാന്‍ ഈ ഗവേഷകര്‍ക്ക് കഴിഞ്ഞത്.

കൂടുതല്‍ പ്രകാശം കൂടിയ ആയുസ്സ്, എന്നാല്‍ കുറഞ്ഞ ഊര്‍ജോപയോഗം ഇതാണ് എല്‍.ഇ.ഡി.ലൈറ്റുകളുടെ സവിശേഷത. മാത്രമല്ല, എല്‍.ഇ.ഡി.ബള്‍ബുകള്‍ക്ക് ഒരു ലക്ഷം മണിക്കൂര്‍ വരെ ആയുസ്സുണ്ട്. അതേസമയം പഴയ വൈദ്യുതബള്‍ബുകള്‍ക്ക് ആയിരം മണിക്കൂറും ഫ്‌ളൂറസെന്റ് ലൈറ്റുകള്‍ക്ക് പതിനായിരം മണിക്കൂറുമാണ് ആയുസ്സ്.

1929 ല്‍ ജപ്പാനിലെ ചിറാനില്‍ ജനിച്ച അകസാകി 1964 ല്‍ നഗോയാ സര്‍വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി.നേടിയത്. 1960 ല്‍ ജപ്പാനിലെ ഹമാമറ്റ്‌സുവില്‍ ജനിച്ച അമാനോയും നഗോയാ സര്‍വകലാശാലയില്‍നിന്നാണ് പി.എച്ച്.ഡി.നേടിയത്; 1989 ല്‍. ഇരുവരും ഇപ്പോള്‍ നഗോയാ സര്‍വകലാശാലയില്‍ പ്രൊഫസര്‍മാരാണ്.

ജപ്പാനിലെ ഇകാറ്റയില്‍ 1954 ല്‍ ജനിച്ച നകാമുറ, ടൊകുഷിമ സര്‍വകലാശാലയില്‍നിന്ന് 1994 ലാണ് പി.എച്ച്.ഡി.നേടിയത്. അമേരിക്കയില്‍ സാന്റ ബാര്‍ബറയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറായ അദ്ദേഹം ഇപ്പോള്‍ യു.എസ്.പൗരനാണ്.

Top