നുഴഞ്ഞുകയറ്റം നേരിടാന്‍ സര്‍ക്കാരിന്റെ പുതിയ തന്ത്രം

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി പങ്കുവയ്ക്കുന്ന 202 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റം നേരിടാന്‍ ഇന്ത്യ ശക്തമായ നടപടികളാണു സ്വീകരിച്ചത്. എന്നിട്ടും അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞു കയറ്റം തടയുന്നതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. ഇതിനു തെളിവാണ് അടുത്തിടെ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഭീകരാക്രമണങ്ങള്‍. ഈ സാഹചര്യത്തില്‍ നുഴഞ്ഞുകയറ്റം തടയാന്‍ സര്‍ക്കാര്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു.

സാംബ മുതല്‍ അഖ്‌നൂര്‍ വരെയുള്ള അതിര്‍ത്തിയില്‍ മറ്റൊരു വലയം സുരക്ഷ കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇപ്പോള്‍ അതിര്‍ത്തിയില്‍ അതിര്‍ത്തി സുരക്ഷാ സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ടാമത്തെ തലത്തില്‍ സംസ്ഥാന പൊലീസിനെയോ കരസേനയേയോ വിന്യസിക്കാനാണു തീരുമാനം. സാംബ മേഖലയോട് ചേര്‍ന്നാണു റെയ്ല്‍വേ പാതകളും ദേശീയ പാതകളും കടന്നു പോകുന്നത്. നുഴഞ്ഞുകയറ്റം ശക്തമാകുന്നതോടെ ഇവയ്ക്കു നേരേ ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതു കൂടി കണക്കിലെടുത്താണു പുതിയ സുരക്ഷാ നിര്‍ദേശം. നുഴഞ്ഞുകയറുന്ന ഭീകരര്‍ ദേശീയ പാതയില്‍ എത്തിയ ശേഷം വാഹനങ്ങള്‍ തട്ടിയെടുത്ത് ആക്രമണം നടത്തുകയാണു പതിവ്. കരസേനയെ സുരക്ഷാ ചുമതല ഏല്‍പ്പിച്ചാല്‍ ഇത്തരം ഭീകരാക്രമണങ്ങള്‍ തടയാന്‍ കഴിയുമെന്നു പ്രതീക്ഷയെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഇവര്‍ അറിയിച്ചു.

Top