കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവും മരണവുമായും ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹത്തിന്റെ മകള്‍ അനിത ബോസ്. കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള നേതാജിയെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പ് നല്കിയിട്ടുണ്ട്. നേതാജിയുമായി ബന്ധപ്പെട്ടുള്ള ചരിത്രപരമായ അഭ്യൂഹങ്ങള്‍ക്ക് ഇതോടെ അവസാനമാകുമെന്നാണ് പ്രതീക്ഷയെന്നും അനിത ബോസ് പറഞ്ഞു.
നേതാജിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള രേഖകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് നേതാജിയുമായി ബന്ധപ്പെട്ടുള്ള 130 രഹസ്യ ഫയലുകള്‍ 2016 ജനുവരി 23നു പുറത്തുവിടുമെന്ന് കേന്ദ്രം അറിയിച്ചു. നേതാജിയുടെ 118-ാം ജന്മവാര്‍ഷികമാണ് 2016 ജനുവരി 23ന്.
സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് ബംഗാള്‍ സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്ന 64 രഹസ്യരേഖകള്‍ സെപ്റ്റംബറില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. 1964 വരെ നേതാജി ജീവിച്ചിരുന്നതായുള്ള സൂചന രഹസ്യരേഖകളില്‍ നിന്ന് ലഭിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസ് 1945 ഓഗസ്റ്റില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ തായ്‌ഹോക്കില്‍വച്ച് കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക ഭാഷ്യം.