ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ വിടാതെ ബിജെപി. തിരഞ്ഞെടുപ്പില്‍ പോസിറ്റീവ് ക്യാമ്പയിന്‍ നടത്തണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചത് അവഗണിച്ച് വീണ്ടും അരവിന്ദ് കെജ് രിവാളിനെ കളിയാക്കിക്കൊണ്ടുള്ള പരസ്യം പ്രസിദ്ധീകരിച്ച് ബിജെപി രംഗത്തെത്തിയിരിക്കുന്നു. ഇത്തവണ കെജ് രിവാളിന്റെ ജാതിയെ പരാമര്‍ശിച്ചാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. റിപ്പബ്ലിക്ക് ദിന പരേഡ് അലങ്കോലപ്പെടുത്തുന്ന കെജ് രിവാള്‍ അടുത്ത വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന പരേഡിന് ഒരു വിഐപി പാസ് ചോദിക്കുന്ന കാര്‍ട്ടൂണാണ് ബിജെപി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ഉപദ്രവി ഗോത്ര’ എന്ന വാക്കാണ് കെജ്‌രിവാളിനെ കളിയാക്കാന്‍ ബിജെപി ഉപയോഗിച്ചിരിക്കുന്നത്.
‘എനിക്കെതിരെ പരസ്യങ്ങളിലൂടെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ബിജെപി. എന്നാല്‍ ഇപ്പോള്‍ ‘ഉപദ്രവി ഗോത്ര’ എന്ന പദത്തിലൂടെ എന്റെ സമൂഹത്തെ മുഴുവന്‍ ബിജെപി അധിക്ഷേപിച്ചിരിക്കുകയാണ് ‘. കെജ്‌രിവാള്‍ ആരോപിച്ചു.
ബിജെപി പരസ്യം പിന്‍വലിച്ച് മാപ്പു പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും ആം ആദ്മി നേതാവ് അഷുതോഷ് പറഞ്ഞു.
നേരത്തേ അരവിന്ദ് കെജ്‌രിവാളനെയും അണ്ണാ ഹസാരെയും പരിഹസിച്ച് ബിജെപി തിരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ഇതു വിവാദമായതോടെ മറ്റുള്ളവരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരസ്യം പാടില്ലെന്നും പോസിറ്റീവ് ക്യാമ്പയിന്‍ നടത്തണമെന്നും പാര്‍ട്ടി നേതൃത്വം തന്നെ നിര്‍ദ്ദേശിച്ചിരുന്നു. അരുണ്‍ ജെയ്റ്റ്‌ലി അടക്കമുള്ള നേതാക്കള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതും മറികടന്നാണ് വീണ്ടും അരവിന്ദ് കെജ് രിവാളിനെ പരിഹസിച്ചുകൊണ്ട് ബിജെപി പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.