നോട്ടുകെട്ടുകള്‍ക്കു മുന്നില്‍ തൂലിക പണയം വെച്ച ജേണലിസ്റ്റുകളുടെ ഉള്ളം ചുടുന്ന കനല്‍

നോട്ടുകെട്ടുകള്‍ക്കും ബാഹ്യ ഇടപെടലുകള്‍ക്കും മുമ്പില്‍ മുട്ടുമടക്കുന്ന ‘മാധ്യമ ധര്‍മ്മത്തെ’ ചുട്ടുപൊള്ളിച്ച് കനല്‍.

പതിവ് കച്ചവട സിനിമകളില്‍ നിന്നും വ്യത്യസ്തമായി സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കുന്നതാണ് മോഹന്‍ലാല്‍ നായകനായ എം പത്മകുമാര്‍ അണിയിച്ചൊരുക്കിയ കനല്‍.

പ്രവാസികളുടെ കണ്ണീരിലലിഞ്ഞ ജീവിതം ആവിഷ്‌ക്കരിച്ച മമ്മൂട്ടിയുടെ പത്തേമാരിയിലെന്നപോലെ പ്രവാസ ജീവിതത്തിലെ ‘ദുരന്തപൂര്‍ണ്ണമായ കനലുകള്‍’ പ്രേക്ഷകഹൃദയത്തെ ചുട്ടുപൊള്ളിക്കുന്നതാണ്.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് പാലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട രണ്ട് കുടുംബങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ അവര്‍ക്ക് അഭയം നല്‍കിയ കുടുംബത്തെ വകവരുത്തുന്നതും തുടര്‍ന്ന് നടക്കുന്ന പ്രതികാരവുമാണ് കനലിലൂടെ പത്മകുമാര്‍ ആവിഷ്‌കരച്ചിരിക്കുന്നത്.

ദുരൂഹ മരണം സംബന്ധിച്ച് പരമ്പര തുടങ്ങിയ പ്രവാസി ചാനലിന്റെ സിഇഒ തന്നെ പിന്നീട് നോട്ടുകെട്ടുകള്‍ക്ക് വശംവദനായി തന്റെ കര്‍ത്തവ്യബോധം മറന്നപ്പോള്‍ കുറ്റവാളികളെ തിരഞ്ഞ് പിടിച്ച് മരണശിക്ഷ വിധിക്കുന്ന നായകനായും പ്രതിനായകനായും ചിത്രത്തില്‍ മികച്ച പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവച്ചിരിക്കുന്നത്.

സിനിമ അവസാനിക്കുന്നതിന് തൊട്ടുമുമ്പുവരെ സ്ത്രീകളെയടക്കം വെടിവെച്ചുകൊല്ലുന്ന ‘വില്ലനായി’ മോഹന്‍ലാല്‍ വിലസിയപ്പോള്‍ സിനിമയിലെ യഥാര്‍ഥ വില്ലന്മാര്‍ ആദ്യത്തെ ഒറ്റ കൂട്ടക്കൊലയില്‍ നിര്‍ത്തി അവരുടെ വില്ലത്തരമെന്നതും ശ്രദ്ധേയമാണ്.

സംഘട്ടനം എന്നുപറയാന്‍ പറ്റാവുന്ന തരത്തില്‍ ഒന്നും ചിത്രത്തിലില്ലാഞ്ഞിട്ടും സസ്‌പെന്‍സ് അവസാനം വരെ നിലനിര്‍ത്താനായി എന്നതും സംവിധായകന്റെ നേട്ടമാണ്.

അടുത്തകാലത്തിറങ്ങിയ മോഹന്‍ലാലിന്റെ മറ്റ് സിനിമകളെ അപേക്ഷിച്ച് രൂപത്തിലും ഭാവത്തിലും മോഹന്‍ലാല്‍ എന്തായാലും ആരാധകരുടെ മനസ്സില്‍ കനലെരിയിച്ചിട്ടില്ല.

ലാലിന്റെ അഭിനയമികവിനൊപ്പം തന്നെ വിലയിരുത്തപ്പെടേണ്ടതാണ് അനൂപ് മേനോന്റെ പ്രകടനവും.

ഒരു പത്രപ്രവര്‍ത്തകന്‍ അവനില്‍ നിക്ഷിപ്തമായ ചുമതല നിറവേറ്റാതിരുന്നാല്‍ സമൂഹത്തിലുണ്ടാകുന്ന അപകടം തുറന്നുകാട്ടുന്ന കനല്‍ വര്‍ത്തമാനകാലത്തെ പല വിവാദങ്ങളും ‘ഒതുക്കിയ’ മാധ്യമങ്ങള്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ്.

Top