ന്യഡല്‍ഹി: അടുത്തകാലത്തായി നെഗറ്റീവ് വാര്‍ത്തകള്‍ മൂലം മാധ്യമങ്ങളില്‍ ഇടം പിടിച്ച ഇന്ത്യയിലെ പ്രധാന നഗരമാണ് തലസ്ഥാനം കൂടിയായ ന്യൂഡല്‍ഹി. കുറ്റകൃത്യങ്ങളും ട്രാഫിക് പ്രശ്‌നങ്ങളും ഭരണമില്ലായ്മയും എല്ലാം ഡല്‍ഹിയെ കുറിച്ചുള്ള വാര്‍ത്തകളില്‍ എപ്പോഴും മുന്നില്‍ നിന്നു. എന്നാല്‍ പലകാര്യങ്ങളിലും ഡല്‍ഹി ലോകത്തെ പ്രമുഖ നഗരങ്ങളായ ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്കിയോ, ഇസ്താന്‍ബുള്‍, ബെര്‍ലിന്‍ തുടങ്ങിയവയെക്കാള്‍ മികച്ചതാണെന്ന് പഠനം പറയുന്നു.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ റിസര്‍ച്ച് സെന്ററായ എല്‍.എസ്.ഇ നടത്തിയ പഠനത്തിലാണ് എക്കണോമി, ജനസംഖ്യ, സൊസൈറ്റി, ജനസാന്ദ്രത, ഹരിത ഭൂമി, പരിസ്ഥിതി, ഗതാഗതം തുടങ്ങിയ കാര്യങ്ങളില്‍ ലോകത്തെ പ്രമുഖ നഗരങ്ങളേക്കാള്‍ ഡല്‍ഹി മുന്നിട്ടു നില്‍ക്കുന്നതെന്ന് തെളിയിക്കുന്നത്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കായ 2013ലെ കണക്കനുസരിച്ച് ഡല്‍ഹിയെ ഇന്ത്യയുടെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായാണ് കണക്കാക്കിയിരുന്നത്. സ്ത്രീകള്‍ മാനഭംഗപ്പെടുന്നതും തട്ടിക്കൊണ്ടു പോകലും കൊലപാതകങ്ങളും എല്ലാം ഡെല്‍ഹിയെ കുപ്രസിദ്ധമാക്കി. എന്നാല്‍, ലാറ്റിനമേരിക്കന്‍ നഗരങ്ങളേയും ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങളേയും വച്ചു നോക്കുമ്പോള്‍ ഡല്‍ഹിയിലെ കുറ്റകൃത്യങ്ങളുടെ കണക്ക് വളരെ ചെറുതാണെന്ന് പഠനം പറയുന്നു.
ലോകത്തെ പ്രമുഖ നഗരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഡല്‍ഹിയിലെ പെര്‍ കാപ്പിറ്റ ഇന്‍കം വളരെ വലുതാണെന്നും പഠനം വ്യക്തമാക്കുന്നു. രാഷട്രീയ കാര്യങ്ങളിലും ഡല്‍ഹിയിലെ ജനങ്ങള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 66 ശതമാനം പേര്‍ ഡല്‍ഹിയില്‍ വോട്ടു ചെയ്തപ്പോള്‍ ലണ്ടനില്‍ 39 ശതമാനവും ന്യൂയോര്‍ക്കില്‍ വെറും 24 ശതമാനവും പേര്‍ മാത്രമേ വോട്ട് ചെയ്തുള്ളൂ. ലണ്ടനെയും ന്യൂയോര്‍ക്കിനെയും പോലെ ഡല്‍ഹിക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട മേയര്‍ ഇല്ല. പക്ഷേ, ഡല്‍ഹിയിലെ നിയമസഭയില്‍ 39.9 മില്യണ്‍ ജനങ്ങള്‍ക്ക് വേണ്ടി 70 പ്രതിനിധികളേ ഉള്ളൂ. ലണ്ടനില്‍ 8.1 മില്യണ്‍ ജനങ്ങള്‍ക്ക് വേണ്ടി 25 പ്രതിനിധികളും ഇസ്താന്‍ബുള്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ 14.2 മില്യണ്‍ ജനങ്ങള്‍ക്ക് വേണ്ടി 207 പ്രതിനിധികളും ഉണ്ടെന്ന് പഠനം പറയുന്നു.
ഈ മാസം 14ന് ഡല്‍ഹിയില്‍ നടക്കുന്ന അര്‍ബന്‍ ഏജ് കോണ്‍ഫറന്‍സിന് മുന്നോടിയായാണ് പഠനം നടത്തിയത്.