പക്ഷിപ്പനി:താറാവ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും: മന്ത്രി

തിരുവനന്തപുരം:കുട്ടനാട്ടില്‍ പക്ഷിപ്പനി മൂലം ചത്ത താറാവുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍. രണ്ട് മാസത്തിലധികം പ്രായമുള്ള താറാവിന് നഷ്ടപരിഹാരമായി 150 രൂപയും കുഞ്ഞിന് 75 രൂപയും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. പക്ഷിപ്പനി തടയുന്നതിന് വേണ്ടിയുള്ള കൂടിയാലോചനകള്‍ക്ക് ശേഷം യോഗ തീരുമാനങ്ങള്‍ വിവരക്കുകയായിരുന്നു ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍.

രോഗം പകരുന്നത് തടയാന്‍ വേണ്ട നടപടി സ്വീകരിക്കും. പനി ബാധിച്ച പ്രദേശത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മാംസം, മുട്ട, കോഴിവള വില്‍പ്പന നിരോധിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട മരുന്ന്, മാസ്‌ക് തുടങ്ങിയവ നല്‍കും.

കേരളത്തില്‍ പക്ഷിപ്പനി തീവ്രതയേറിയതെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രോഗം മനുഷ്യരിലേക്ക് പകരാതിരിക്കാനും കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top