തിരുവനന്തപുരം: പക്ഷിപ്പനി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് താറാവ്, കോഴി എന്നിവയുടെ ഇറച്ചിക്ക് രോഗബാധിത പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിയതായി കൃഷിമന്ത്രി കെ.പി.മോഹനന്‍ നിയമസഭയില്‍ അറിയിച്ചു. പക്ഷിപ്പനി ബാധ പൂര്‍ണമായി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയതെന്നും മന്ത്രി അറിയിച്ചു. ഇതോടൊപ്പം അന്യസംസ്ഥാനത്ത് നിന്ന് താറാവിനെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണവും നീക്കി.
പക്ഷിപ്പനി സ്ഥീരികരിച്ചതിനെ തുടര്‍ന്ന് നവംബര്‍ 25നാണ് ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രദേശങ്ങളില്‍ താറാവ്, കോഴി എന്നിവയുടെ വില്‍പനയ്ക്കും മാംസം ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലും കോട്ടയം ജില്ലയിലെ അയ്മനം, അര്‍പ്പൂക്കര, കുമരകം, തലയാഴം, വെച്ചൂര്‍ എന്നീ പഞ്ചായത്തുകളിലുമാണു വില്‍പന നിരോധിച്ചത്.