തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവിധേയമാണെങ്കിലും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനിബാധിത പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമായി തുടരാന്‍ തീരുമാനം. ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും പക്ഷിപ്പനി കാരണം ചത്ത മുഴുവന്‍ താറാവുകള്‍ക്കും നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പക്ഷിപ്പനി പ്രതിരോധ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
നേരത്തെ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പക്ഷിപ്പനിബാധിത മേഖലയില്‍ കൊല്ലുന്ന താറാവുകള്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്‍കുകയുള്ളൂവെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. പക്ഷിപ്പനി സ്ഥിരീകരിക്കുന്നതിന് മുമ്പ് ചത്തുവീണ താറാവുകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നായിരുന്നു തീരുമാനം. എന്നാല്‍, രോഗബാധ സ്ഥിരീകരിക്കുന്നതിന് മുമ്പ് ചത്തൊടുങ്ങിയ താറാവുകള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം.