പക്ഷിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

തിരുവനന്തപുരം: പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ രോഗവ്യാപനത്തിനെതിരേ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള നടപടികള്‍ ഊര്‍ജിതമാക്കി. പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടികള്‍. രോഗം ബാധിച്ച പക്ഷികളെ വേര്‍തിരിക്കുന്ന നടപടിയായ കള്ളിംഗ് ജില്ലകളില്‍ ആരംഭിച്ചു. പ്രതിരോധത്തിന് ഉചിതമായ മരുന്നുകളുടെയും മുന്‍കരുതല്‍ വസ്ത്രങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്. മരുന്നുകള്‍ മൂന്ന് ജില്ലകളിലും വിതരണം ചെയ്തു. 30,000 ഗുളികകള്‍ നാളെ ലഭ്യമാകും.

50,000 ഗുളികകള്‍ നിര്‍മിക്കാന്‍ ഓര്‍ഡര്‍ നല്‍കി. താറാവ്, കോഴി ഇറച്ചിയും മുട്ടയും ഭക്ഷിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം നിര്‍ദേശിച്ചു. മൂന്ന് ജില്ലകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ സേവകരുമടങ്ങുന്ന സംഘങ്ങള്‍ രോഗബാധിത പ്രദേശത്തിന്റെ 10 കി.മീ. ചുറ്റളവിലുള്ള വീടുകള്‍ സന്ദര്‍ശിച്ച് പനി നിരീക്ഷണവും ബോധവത്കരണവും നടത്തിവരികയാണ്. 25 സംഘങ്ങള്‍ 6024 വീടുകള്‍ സന്ദര്‍ശിച്ച് പതിനെട്ടായിരത്തോളം പേരെ നിരീക്ഷിച്ചു.

Top