പേരൂര്‍ക്കട: പാതിരിപ്പള്ളി ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പട്ടിക്കൂട് വിവാദം ഡിസിപി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം
അന്വേഷിക്കും. വിവാദമായ സംഭവം ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഹൈക്കോടതിക്ക് കമ്മീഷന് നല്കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. കേസില്‍ കുറ്റക്കാരിയായി ആരോപണം ഉന്നയിക്കപ്പെട്ടയാള്‍ വനിത ആയതിനാലാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷിക്കണമെന്നു കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്.
ക്ലാസില്‍ അച്ചടക്കമില്ലാതെ പെരുമാറിയ കുട്ടിയെ പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശപ്രകാരം അദ്ധ്യാപിക പട്ടിക്കൂട്ടിലടച്ചുവെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ അന്വേഷണം നടക്കുകയും സ്കൂള്‍ അടച്ചുപൂട്ടുകയുമായിരുന്നു. എന്നാല്‍ അരോപണം അടിസ്ഥാനരഹിതമെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ നിലപാട്.