അഹ്മദാബാദ്: ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പട്ടേല്‍ സമുദായത്തിന്റെ ആവശ്യം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ തള്ളി. ഈ ആവശ്യമുന്നയിച്ച് നടത്തുന്ന പ്രക്ഷോഭങ്ങള്‍ നിര്‍ത്തിവെക്കാനും ആനന്ദിബെന്‍ ആവശ്യപ്പെട്ടു. തങ്ങളെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ പട്ടേല്‍ സമുദായം ബുധനാഴ്ച മെഗാ റാലി നടത്താനിരിക്കുകയായിരുന്നു.
ഭരണഘടനയും സുപ്രീംകോടതി ഉത്തരവുകളും പ്രകാരം പട്ടികജാതി, പട്ടിക വര്‍ഗ, ഒ.ബി.സി ഘടനയില്‍ മാറ്റം വരുത്താനാവില്ലെന്നും സംവരണം അമ്പത് ശതമാനത്തില്‍ കൂടുതലാകാന്‍ കഴിയില്ലെന്നും ആനന്ദിബെന്‍ പട്ടേല്‍ അറിയിച്ചു. ഭരണഘടനക്കും സുപ്രീംകോടതി വിധികള്‍ക്കുമെതിരെ പ്രവര്‍ത്തിച്ച് പല സംസ്ഥാനങ്ങളും സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കപട വാഗ്ദാനങ്ങള്‍ നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.