ജക്കാര്‍ത്ത: കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ പൈലറ്റ് ഇറിയാന്റോയോടു തിരിച്ചുവരാന്‍ ആവശ്യപ്പെട്ട് ഇളയ മകള്‍ ആഞ്ചെലയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാവുന്നു.
‘പപ്പാ തിരിച്ചു വരൂ, എനിക്ക് പപ്പായെ വേണം. എന്റെ പപ്പാ എന്റെ അടുത്തേക്കു തിരിച്ചുവരൂ. പപ്പാ തിരിച്ചു വരൂ, പപ്പാ ഉറപ്പായും തിരിച്ചു വരണം’ എന്നതാണ് പോസ്റ്റ്. ക്യാപ്റ്റന്‍ ഇറിയാന്റോയുടെ ചിത്രവും ആഞ്ചെല പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ ആറുമണിക്ക് ഇന്തോനീസ്യയിലെ സുരഭയ സിറ്റിയില്‍ നിന്നു സിംഗപ്പൂരിലേക്കു പുറപ്പെട്ട ക്യൂ ഇസഡ് 8501 വിമാനം 162 പേരുമായി കാണാതാവുകയായിരുന്നു.
ജക്കാര്‍ത്തയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം പ്രാദേശിക സമയം ഏഴരയോടെ നഷ്ടപ്പെടുകയായിരുന്നു. ജാവ കടലിടുക്കിലുള്ള ബെലിത്താങ് ദ്വീപിന്റെ സമീപ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചില്‍ നടക്കുന്നതെന്ന് ഇന്തോനീസ്യന്‍ ദേശീയ രക്ഷാപ്രവര്‍ത്തന ഏജന്‍സി വക്താവ് അറിയിച്ചു. 17 കുട്ടികള്‍ ഉള്‍പ്പെടെ 162 പേരാണു വിമാനത്തിലുണ്ടായിരുന്നത്.