പരിഷ്‌കരിച്ച പാഷന്‍ പ്രോയുമായി ഹീറോ മോട്ടോ കോര്‍പ്പ് എത്തുന്നു

പരിഷ്‌കരിച്ച പാഷന്‍ പ്രോ എത്തുന്നു. എന്‍ജിന്റെ കരുത്തില്‍ വരുത്തിയ വര്‍ധനയാണു ബൈക്കിലെ പ്രധാന മാറ്റം; മുന്‍ മോഡലിനെ അപേക്ഷിച്ച് 0.4 ബി എച്ച് പി അധിക കരുത്താണു പുതിയ പാഷന്‍ പ്രോയില്‍ ഹീറോ മോട്ടോ കോര്‍പിന്റെ വാഗ്ദാനം. ഇതോടെ ബൈക്കിലെ 97.2 സി സി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, നാലു സ്‌ട്രോക്ക് എന്‍ജിന് 8,000 ആര്‍ പി എമ്മില്‍ 8.2 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവും.

കഫേ റേസര്‍ ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത സ്‌പ്ലെന്‍ഡര്‍ പ്രോ ക്ലാസിക്കില്‍ നിന്നുള്ള എന്‍ജിന്‍ കടമെടുത്തതോടെ പരമാവധി ടോര്‍ക്ക് 5,000 ആര്‍ പി എമ്മില്‍ 8.05 എന്‍ എമ്മായി; മുന്‍ മോഡലിനെ അപേക്ഷിച്ച് 0.01 എന്‍ എം കൂടുതല്‍.

എന്‍ജിന്‍ കൂടാതെ ബൈക്കിന്റെ അലോയ് വീല്‍ രൂപകല്‍പ്പനയും ഹീറോ മോട്ടോ കോര്‍പ് പരിഷ്‌കരിച്ചിട്ടുണ്ട്; സാധാരണ അലോയ് വീലില്‍ അഞ്ചു സ്‌പോക്ക് ഉള്ളപ്പോള്‍ പാഷന്‍ പ്രോയിലെ വീലില്‍ ആറ് സ്‌പോക്കുണ്ട്. പാഷന്‍ പ്രോ ടി ആറിലെ പോലെ മുന്നില്‍ 240 എം എം ഡിസ്‌ക് ബ്രേക്ക് സഹിതവും ബൈക്ക് വില്‍പ്പനയ്ക്കുണ്ട്.

പാഷന്‍ പ്രോയിലെ ബോഡി ഗ്രാഫിക്‌സില്‍ കാര്യമായ മാറ്റമില്ലെങ്കിലും ബ്രൗണ്‍ നിറത്തില്‍ ബൈക്ക് ലഭ്യമാവുമെന്ന പുതുമയുണ്ട്. ഇതിനു പുറമെ ചുവപ്പ്, വെള്ളി, മഞ്ഞ, കറുപ്പ്, നീല നിറങ്ങളിലും വില്‍പ്പനയ്ക്കുള്ള ബൈക്കിന് 50,600 രൂപയാണു ഡല്‍ഹി ഷോറൂമില്‍ വില.

Top