പരിഷ്‌ക്കരണവുമായി ഇന്‍സ്റ്റഗ്രാം; വെബ് പതിപ്പില്‍ സെര്‍ച്ച് ടൂള്‍ അവതരിപ്പിച്ചു

ഫെയ്‌സ്ബുക്ക് ഏറ്റെടുത്തത് മുതല്‍ ചെറിയ ചെറിയ മാറ്റങ്ങളിലൂടെ ഇന്‍സ്റ്റഗ്രാമിനെ പരിഷ്‌ക്കരിച്ചു വരികയാണ്. പടിപടിയായിട്ടുള്ള ഈ പരിഷ്‌ക്കരണത്തിന്റെ ഭാഗമായിട്ടാണ് ഇന്‍സ്റ്റഗ്രാമിന്റെ വെബ് പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കായി സെര്‍ച്ച് ടൂള്‍ അവതരിപ്പിച്ചത്.

ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് അറിയാം ഈ പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും വലിയ ന്യൂനത സെലിബ്രിറ്റികളെ പോലും സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ സാധിക്കില്ല എന്നതായിരുന്നു. മൊബൈല്‍ ആപ്പിലും, വെബ് പതിപ്പിലും ഈ ഫീച്ചര്‍ ഇല്ലാതിരുന്നത് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ പരാതികള്‍ ഉയര്‍ത്തിയിരുന്നു.

ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാമിന് അത്ര പ്രചാരമില്ലെങ്കിലും പാശ്ചാത്യ നാടുകളില്‍ ഫെയ്‌സ്ബുക്കിനെക്കാള്‍ ആളുകള്‍ ആശ്രയിക്കുന്നത് ഇന്‍സ്റ്റഗ്രാമിനെയാണ്.

ലോകവ്യാപകമായി ഒരു ദിവസം ഇന്‍സ്റ്റഗ്രാമില്‍ 70 മില്യണ്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാം വക്താവിനെ ഉദ്ധരിച്ച് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞയിടക്ക് ഇന്‍സ്റ്റഗ്രാമിന്റെ മൊബൈല്‍ ആപ്പും ഡെസ്‌ക്‌ടോപ് പതിപ്പും കമ്പനി പരിഷ്‌ക്കരിച്ചിട്ടുണ്ടായിരുന്നു.

സൈറ്റിന്റെ പുതിയ ഡിസൈന്‍ പ്രകാരം ഒരു ഡെസ്‌ക്ടോപ് സ്‌ക്രീനില്‍ നേരത്തെ അഞ്ച് ചെറിയ ഇമേജുകളായിരുന്നു കാണിച്ചിരുന്നതെങ്കില്‍, പുതുക്കിയ ഡിസൈനില്‍ മൂന്ന് ഇമേജുകള്‍ മാത്രമെ കാണിക്കുകയുള്ളുവെന്ന് ടെക്ക് വെബ്‌സൈറ്റായ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രൊഫൈലിന് മുകളിലായി നേരത്തെ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി ക്രിയേറ്റ് ചെയ്യപ്പെടുന്ന കൊളാഷും ഇന്‍സ്റ്റഗ്രാം വേണ്ടെന്ന് വെച്ചിട്ടുണ്ട്.

Top