പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ വിജയം പ്രഖ്യാപിച്ച് നവാസ് ഷെരീഫ് വിഭാഗവും ഇമ്രാന്ഖാന് വിഭാഗവും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നം കൊടുക്കാത്തതിനാല്‍ ഇമ്രാന് ഖാന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരായാണ് മത്സരിച്ചത്. നൂറോളം സീറ്റുകളില്‍ സ്വതന്ത്രര്‍ ജയിച്ചതോടെ ആത്മവിശ്വാസം കൂടിയ ഇമ്രാന് നവാസ് ഷെരീഫിനെതിരെ എഐ വീഡിയോയും പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചവര്‍ നവാസ് ഷെരീഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. പിഎംഎല്‍-എന്‍ അധ്യക്ഷന്‍ ഷെഹ്ബാസ് ഷെരീഫാണ് ഇക്കാര്യം എക്സിലൂടെ വ്യക്തമാക്കിയത്. നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ വിശ്വാസം ഉള്ളതിനാലാണ് അവര്‍ തങ്ങളെ പിന്തുണ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കുറിച്ചു.
അതേസമയം മറ്റ് സ്വതന്ത്രരുടെ പിന്തുണയുള്ള ഇമ്രാന്റെ തെഹ്രിക്ക് ഇ ഇന്‍സാഫ് മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയുമായി സഖ്യ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ ഇതുവരെ അവര്‍ നവാസ് ഷെരീഫിന്റെ പിഎംഎല്‍ എന്നിനെയോ ബിലാവല്‍ ഭൂട്ടോയുടെ പിപിപിയെയോ സമീപിച്ചിട്ടുമില്ല. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത ഒഴിവാക്കാന്‍ പിപിപിയും പിഎംഎല്‍എന്നും ഒന്നിച്ചു നില്‍ക്കുമെന്ന് ബിലാവല്‍ ഭൂട്ടോയും പിപിപി അധ്യക്ഷന്‍ അസിഫ് അലി സര്‍ദാരിയും അറിയിച്ചിട്ടുണ്ട്.
264 സീറ്റില്‍ 101 സീറ്റുകള്‍ ഇമ്രാന് ഖാനെ പിന്തുണയ്ക്കുന്ന സ്വതന്ത്രരാണ് ജയിച്ചത്. അതേസമയം പിഎംഎല്‍-എന്നിന് 75 സീറ്റുകളും ബിലാവലിന്റെ പിപിപിക്ക് 54 സീറ്റുകളും ലഭിച്ചിട്ടുണ്ട്.