പാക്കിസ്ഥാനിലെ 99 ശതമാനം പേരും നല്ലവര്‍: മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍കാരെ പുകഴ്ത്തി സുപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു. 99 ശതമാനം പാക്കിസ്ഥാന്‍കാരും നല്ലവരാണന്നും ബാക്കിയുള്ള ഒരു ശതമാനം പേര്‍ മാത്രമാണ് അഴിമതിക്കാരും മോശം പ്രവൃത്തികള്‍ ചെയ്യുന്നവരെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പരാമര്‍ശിച്ചത്.

മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ സക്കീ ഉര്‍ റെഹ്മാന്‍ ലഖ്വിക്ക് പാക്കിസ്ഥാന്‍ കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കട്ജു ഫേസ് ബുക്കില്‍ നടത്തിയ ഈ പരാമര്‍ശം വിവാദമായിരിക്കുകയാണ്.

‘ഇന്ത്യക്കാരെ പോലെ 99 ശതമാനം പാക്കിസ്ഥാന്‍കാരും നല്ല ആള്‍ക്കാരാണ്. പാക്കിസ്ഥാന്‍കാര്‍ തീവ്രവാദികളും അപരിഷ്‌കൃതരുമായതിനാല്‍ അവരുമായി സൗഹൃദം സ്ഥാപിക്കാന്‍ ഒരിക്കലും ആകില്ലെന്ന തരത്തില്‍ ചിലര്‍ പരാമര്‍ശിച്ചിരുന്നു. പാക്കിസ്ഥാന്‍കാരിലധികവും നല്ലവരാണെന്ന എന്റെ പ്രസ്താവന പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ ചിലര്‍ പറഞ്ഞത’്. കട്ജു വ്യക്തമാക്കി. ഫ്രഞ്ച് തത്വ ചിന്തകന്‍ റൂസോയുടെ വലിയ ആരാധകനായ കട്ജു, പാക്കിസ്ഥാന്‍കാരോട് കാണിക്കുന്ന അമിത സ്‌നേഹം വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

Top