ശ്രീനഗര്‍: പാക്കിസ്ഥാനില്‍ പരിശീലനം നടത്തിയ 200 തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ജനറല്‍ ഓഫീസര്‍ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ കെ.എച്ച് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
വിദ്യാലയങ്ങളും ജനത്തിരക്കുള്ള പ്രദേശങ്ങളും തീവ്രവാദികള്‍ ആക്രമിക്കാനൊരുങ്ങുന്നതായും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നത്.
അതേസമയം, ഏതു തരത്തിലുമുള്ള തീവ്രവാദി ആക്രമണത്തെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും, അതിര്‍ത്തികളില്‍ പട്ടാളം സദാ സമയവും നിലയുറപ്പിച്ചിരിക്കുകയാണെന്നും കെ.എച്ച് സിങ്ങ് വ്യക്തമാക്കി.
ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ രണ്ട് തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചതിന് തൊട്ടു പിന്നാലെയാണ് പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചത്. ഇന്നു രാവിലെയാണ് ഷോപ്പിയാനില്‍ സൈന്യവും കാശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.