പാക്കിസ്ഥാനി ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് ഡല്‍ഹി സര്‍ക്കാരിന്റെ ക്ഷണം

ന്യൂഡല്‍ഹി: ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കിയ പാക്കിസ്ഥാനി ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് ഡല്‍ഹി സര്‍ക്കാരിന്റെ ക്ഷണം. ഡല്‍ഹി സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയാണ് ഗുലാം അലിയെ ക്ഷണിച്ചത്.

സംഗീതത്തിന് അതിര്‍ത്തികളില്ല എന്നു വ്യക്തമാക്കിയാണ് ഗുലാം അലിയെ ഡല്‍ഹിയില്‍ സംഗീത പരിപാടി നടത്തുന്നതിനായി ക്ഷണിച്ചിരിക്കുന്നത്. നാളെയായിരുന്നു മുംബൈയിലെ സംഗീത പരിപാടി.

തീവ്രവാദവും അതിര്‍ത്തിയിലെ ആക്രമണവും അവസാനിപ്പിക്കാത്തിടത്തോളം പാക്കിസ്ഥാനുമായി രാഷ്ട്രീയ, കായിക, സാംസ്‌കാരിക സഹകരണം അനുവദിക്കില്ലെന്നും സംഗീതപരിപാടി തടയുമെന്നും ശിവസേന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.

ഏപ്രിലില്‍ പുണെയില്‍ പാക്ക് ഗായകന്‍ ആതിഫ് അസ്‌ലമിന്റെ സംഗീത പരിപാടിയും സേനാ പ്രതിഷേധത്തെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

Top