പാക്കിസ്ഥാന്‍ അധികം താമസിയാതെ തന്നെ ഇന്ത്യയുടെ വരുതിക്ക് വരും: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നതിനിടെ, പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും അധികം താമസിയാതെ തന്നെ പാക്കിസ്ഥാന്‍ ശരിയായ ദിശയിലേക്ക് വരുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്നലെ ലൈന്‍ ഓഫ് കണ്‍ട്രോളില്‍ ഇരു ഭാഗത്തു നിന്നുമുണ്ടായ വെടിവെയ്പ്പില്‍ ഒരു ബി.എസ്.എഫ് ജവാനും നാല് പാക്കിസ്ഥാന്‍ പട്ടാളവും കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈ കമ്മിഷണറെ വിളിച്ച് പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചിരുന്നു. പാക്കിസ്ഥാന്‍ സാംബ സെക്ടറിന് നേരെ നടത്തിയ വെടിവെയ്പ്പിലായിരുന്നു ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്നായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്.

അതേസമയം, പാക്കിസ്ഥാനോടുള്ള കേന്ദ്രത്തിന്റെ ഇപ്പോഴത്തെ സമീപനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുകയാണ്. പാക്കിസ്ഥാനെതിരെ ഇന്ത്യ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കു മുമ്പും പാക്കിസ്ഥാനെതിരെ കടുത്ത നിലപാടായിരിക്കും ബി.ജെ.പി സ്വീകരിക്കുന്നതെന്ന് ഉറപ്പു നല്‍കും. എന്നാല്‍ അധികാരത്തിലെതതിയാല്‍ വാക്കുമാറുമെന്നും കോണ്‍ഗ്രസ് നേതാവ് റഷീദ് അല്‍വി പറഞ്ഞു.

Top