ന്യൂഡല്‍ഹി: പരസ്പര ശത്രുതയിലുള്ള ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. റഷ്യയില്‍ നടന്ന കൂടിക്കാഴ്ചക്കിടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ക്ഷണം നരേന്ദ്ര മോഡി സ്വീകരിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഒരുക്കിയ വിരുന്നിനിടെയായിരുന്നു കൂടിക്കാഴ്ച. ഷാന്‍ഹായി കോപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കത്തെിയതായിരുന്നു ഇരുവരും.
നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ രാഷ്ട്രത്തലവന്‍മാര്‍ മുന്നോട്ട് വെച്ചു. മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള പാതയില്‍ അതിവേഗം മുന്നേറാന്‍ ഇരുവരും തീരുമാനിച്ചു.
മുംബൈ ഭീകരാക്രമണ കേസിന്റെ വിചാരണ വേഗത്തില്‍ നടത്തുമെന്നും കേസിലെ ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ ഇന്ത്യക്ക് കൈമാറുമെന്നും നവാസ് ഷെരീഫ് ഉറപ്പു നല്‍കി.
ഭീകരാക്രമണത്തിലെ സൂത്രധാരന്‍ സഖിയുര്‍ റഹ്മാന്‍ ലഖ്‌വിയെ പാക് ജയിലില്‍ നിന്ന് മോചിപ്പിച്ച നടപടിയില്‍ മോഡി പ്രതിഷേധം അറിയിച്ചു. ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും സൈനിക മേധാവികളും യോഗം ചേരാനും തീരുമാനമായിട്ടുണ്ട്. ഇന്ത്യപാക് തടവറകളില്‍ കഴിയുന്ന മീന്‍പിടുത്തക്കാരെ 15 ദിവസത്തിനം വിട്ടയക്കാനും ധാരണയായി.