പാക് വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിനെതിരെ ശിവസേന

മുംബൈ: പാക് മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിനെതിരെ ശിവസേന രംഗത്ത്. ഖുര്‍ഷിദ് മഹമ്മൂദ് കസൂരിയുടെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങാണ്‌ മുംബൈയില്‍ നടത്തരുതെന്നാണ് ശിവ സേന ആവശ്യപ്പെട്ടിരിക്കുന്നത്.

പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരായ തീവ്രവാദത്തെ പിന്തുണയ്ക്കുന്നതായി ആരോപിച്ചാണ് പരിപാടിക്കെതിരെ സേന രംഗത്ത് വന്നിരിക്കുന്നത്. പരിപാടി നടത്തിയാല്‍ തടയുമെന്ന് ശിവസേന ഭീഷണി മുഴക്കുകയും ചെയ്തു.

മുംബൈ റിസേര്‍ച്ച് ഫൗണ്‌ടേഷനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വര്‍ളി നെഹ്‌റു സെന്റര്‍ കള്‍ച്ചറല്‍ ഹാളില്‍ തിങ്കളാഴ്ചയാണ് കസൂരിയുടെ ‘Neither a Hawk nor a Dove: An Insider’s Account of Pakistan’s Foreign Policy’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് നടക്കുന്നത്.

പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയെ മുംബൈയില്‍ പാടാന്‍ അനുവദിക്കാതിരുന്നതിന് പിന്നാലെയാണ് ശിവസേന വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.

Top