പാഠം പഠിച്ചു; ഇനി അധികാരത്തിലെത്തിയാല്‍ രാജി വെയ്ക്കില്ല: അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായി 49 ദിവസം തികഞ്ഞപ്പോള്‍തന്നെ ആ സ്ഥാനം വലിച്ചെറിഞ്ഞ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് പറയാതെ പറയുന്നു. പ്രമുഖ ദേശീയ മാധ്യമമായ എന്‍.ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കേജ്‌രിവാള്‍ മനസ് തുറന്നത്.

തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇനി ഒരിക്കലും രാജിവെയ്ക്കില്ലെന്നും, രാജി വച്ചതിലൂടെ പാഠം പഠിച്ചെന്നും കെജ്‌രിവാള്‍ പറയുന്നു.

ഡല്‍ഹിയിലെ വോട്ടര്‍മാര്‍ ബി.ജെ.പി ക്ക് വോട്ട് ചെയ്ത് കെണിയില്‍പ്പെടരുത്. നരേന്ദ്ര മോഡി അല്ല ഡല്‍ഹിയെ നയിക്കാന്‍ പോകുന്നത്. 49 ദിവസം ഞങ്ങള്‍ അധികാരത്തില്‍ തുടര്‍ന്നപ്പോള്‍ ചെയ്ത കാര്യങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വൈദ്യുതി നിരക്ക് കുറച്ചു, കുടിവെള്ള വിതരണം കൂട്ടി, അഴിമതി കുറച്ചുകൊണ്ടുവന്നു തുടങ്ങിയ കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് വേളയില്‍ ഉയര്‍ത്തിക്കാട്ടും. മോഡി മികച്ച പ്രാസംഗികനാണ്, പക്ഷേ ചില പ്രശ്‌നങ്ങളുണ്ട്.

തിരഞ്ഞെടുപ്പിനെ മോഡിയും കെജ്‌രിവാളും തമ്മിലുള്ള യുദ്ധമായിട്ടാണ് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ ഇത് ജഗദീഷ് മുഖിയും കെജ്‌രിവാളും തമ്മിലുള്ള യുദ്ധമാണ്. മോഡിയെ മുന്നില്‍ കണ്ട് വോട്ട് ചെയ്യുന്നത് അബദ്ധമായിരിക്കും. കാരണം മോഡി ഒരിക്കലും ഡല്‍ഹി ഭരിക്കാന്‍ പോകുന്നില്ല. ഞങ്ങളുടെ പാര്‍ട്ടിയുടെ സംഭാവന വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 20 കോടിയായിരുന്നു ഞങ്ങളുടെ സംഭാവന. എന്നാല്‍ ഇത്തവണ 30-40 കോടിയായിരിക്കും. അതേസമയം, ഞങ്ങളുടെ എതിരാളികള്‍ക്ക് 4,000 കോടി വരെ ശേഖരിക്കാനുള്ള ശേഷിയുണ്ട്.

മിഡില്‍ ക്ലാസ് ജനങ്ങള്‍ക്ക് ഞങ്ങള്‍ രാജി വച്ചതില്‍ കുഴപ്പമുണ്ടെന്ന് അറിയാം. ഡല്‍ഹിയില്‍ ശക്തനായ നേതാവിനെ ആവശ്യമുണ്ട്. എന്നാല്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും അതില്ലെന്നും കെജ് രിവാള്‍ പറഞ്ഞു.

Top