ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. വി.എസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നുവെന്നും കേസ് രീഷ്ട്രീയ ലാഭത്തിനായാണ് വി.എസ് ഉപയോഗിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. കേസ് നീട്ടിക്കൊണ്ടു പോയാല്‍ വി.എസിനെതിരെ വിധി പുറപ്പെടുവിക്കേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പാമോലിന്‍ അഴിമതിക്കേസ് പരിഗണിക്കവെ വി.എസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
പാമോയില്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വി.എസ് നല്‍കിയ പരാതിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. കൂടുതല്‍ രേഖകള്‍ ഹാജരക്കാന്‍ നാലാഴ്ചത്തെ കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് വി.എസ് മറ്റൊരു അപേക്ഷയും നല്‍കിയിരുന്നു. ഇത് പരിഗണിക്കുമ്പോഴാണ് കോടതി വി.എസിനെതിരെ വാക്കാല്‍ വിമര്‍ശനം ഉന്നയിച്ചത്.
രേഖകള്‍ ഹാജരാക്കാന്‍ സമയം ആവശ്യപ്പെടുന്ന വി.എസ് അവ എന്താണെന്ന് വ്യക്തമാക്കുന്നില്ല. കേസ് നീട്ടിക്കൊണ്ടു പോവാനും കോടതിയുടെ സമയം പാഴാക്കാനുമാണ് വി.എസ് ശ്രമിക്കുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു. കേസ് നീട്ടിക്കൊണ്ടു പോകുന്നതിലൂടെ രാഷ്ട്രീയ നേട്ടമാണോ വി.എസ് ലക്ഷ്യം വയ്ക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയല്ല. അദ്ദേഹത്തെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് പരാതിയും നല്‍കിയിട്ടില്ല. ഇനിയും കേസ് നീട്ടിക്കൊണ്ടു പോവാനാണ് വി.എസിന്റെ ശ്രമമെങ്കില്‍ കോടതിക്ക് അദ്ദേഹത്തിനെതിരെ വിധി പുറപ്പെടുവിക്കേണ്ടി വരും. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് പിഴയും വിധിക്കുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.