പാരലല്‍ ട്വിന്‍ എഞ്ചിനുള്ള 750 സിസി റോയല്‍ എന്‍ഫീല്‍ഡ് ഉടന്‍ എത്തിക്കുന്നു

750 സിസി-1000 സിസി ബൈക്കുകള്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്നുവെന്ന അഭ്യൂഹം മുമ്പ് തന്നെയുള്ളതാണ് എന്നാല്‍ സ്ഥിരീകരണം ഒന്നും ലഭിച്ചിരുന്നില്ല. ഇപ്പോള്‍ 750 സിസി – 1000 സിസി ബൈക്കുകള്‍ വിപണിയിലെത്തിക്കുവാനുള്ള പദ്ധതികള്‍ എളുപ്പത്തിലാക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.

റോയല്‍ എന്‍ഫീല്‍ഡ് ഉടനെ 400 സിസി അഡ്വഞ്ചര്‍ടൂററും പാരലല്‍ ട്വിന്‍ എഞ്ചിനുള്ള 750 സിസിയും പുറത്തിറക്കിയേക്കാമെന്നാണ് ഓട്ടോ മാഗസിനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെന്നൈയിലും അതോടൊപ്പം യുകെയിലും പുതിയ പ്ലാന്റുകള്‍ തുറക്കാന്‍ കമ്പനി പദ്ധതി ഇടുന്നു. അതോടൊപ്പം അടുത്തവര്‍ഷത്തിനുള്ളില്‍ മൂന്നോളം മോഡലുകള്‍ എത്തിയേക്കുമത്രെ.

മറ്റ് കമ്പനികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വാറന്റിയാണ് റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിരുന്നത്. ഒരു വര്‍ഷമോ അല്ലെങ്കില്‍ 10000 കിലോമീറ്ററോ ആയിരുന്നു വാറന്റി ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ജനുവരി മുതല്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് കമ്പനി രണ്ട് വര്‍ഷമോ അല്ലെങ്കില്‍ 20,000 കിലോമീറ്ററോ വാറന്റി നല്‍കും.

ബുള്ളറ്റിന്റെ തിരിച്ചു വരവില്‍ നിര്‍ണായക പങ്ക് വഹിച്ച ഐഷര്‍ മോട്ടാഴ്‌സ് ചീഫ് എക്‌സിക്യൂട്ടിവ് സിദ്ധാര്‍ഥ ലാലിനൊപ്പം അടുത്തെയിടെ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രസിഡന്റായി രുദ്രതേജ് സിങ് സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു. വില്‍പ്പന വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് കമ്പനി.

ഡുക്കാട്ടി മോട്ടോര്‍സൈക്കിള്‍ കമ്പനിയിലെ പ്രധാന ഡിസൈനറായിരുന്ന പിയറി ടെര്‍ബ്ലാങ്ക് റോയല്‍ എന്‍ഫീല്‍ഡില്‍ ചേര്‍ന്നതുംമറ്റും ഓര്‍ത്തുനോക്കുമ്പോള്‍ ഹാര്‍ലെയോടും ഡ്യൂക്കിനോടുമൊക്കെ എതിരിടാനുള്ള ഒരു പടക്കുതിര പിന്നണിയില്‍ തയ്യാറാകുന്നുണ്ടെന്ന പ്രതീക്ഷയും വാഹനപ്രേമികള്‍ പ്രകടിപ്പിക്കുന്നു.

Top