ലോകത്തെ കൂടുതല്‍ മികച്ച സ്ഥലമാക്കി മാറ്റുന്നത് ഭിന്നസ്വരങ്ങളാണെന്നും, ഭിന്നസ്വരങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയുന്നതായും ഫെയ്സ്ബുക്ക് വ്യക്തമാക്കി. കമ്പനി സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത അപ്ഡേറ്റിയലാണ് ഇക്കാര്യം പറയുന്നത്. പാരീസില്‍ ‘ഷാര്‍ലി എബ്ദോ’ വാരികയുടെ ഓഫീസില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
‘ലോകത്തെവിടെയുമുള്ളവര്‍ക്ക് തങ്ങളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവെയ്ക്കാനുള്ള ഒരിടമായാണ് ഫെയ്സ്ബുക്ക് എന്നും നിലനിന്നിട്ടുള്ളത്’ സക്കര്‍ബര്‍ഗ് പറഞ്ഞു.
പ്രവാചകനെ സംബന്ധിച്ച ഉള്ളടക്കം നീക്കാന്‍ ഫെയ്സ്ബുക്ക് തയ്യാറാകാത്തതിന്റെ പേരില്‍ ഏതാനും വര്‍ഷംമുമ്പ് പാകിസ്താനിലെ തീവ്രവാദികള്‍ തനിക്ക് വധശിക്ഷ വിധിച്ച കാര്യം സക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടി. ചിലര്‍ക്ക് അത് നിന്ദയായി തോന്നിയിട്ട് പോലും നീക്കം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായില്ല. കാരണം, ലോകത്തെ കൂടുതല്‍ മികച്ച സ്ഥലമായി നിലനിര്‍ത്തുന്നത് അതിന്റെ ബഹുസ്വരതയാണ്, അദ്ദേഹം പറഞ്ഞു.