പാരീസില്‍ ഭീകരാക്രമണം:മരണം 150 കവിഞ്ഞു, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഭീകരാക്രമണം. വിവിധ സ്ഥലങ്ങളിലായി ഉണ്ടായ സ്‌ഫോടനത്തിലും വെടിവയ്പിലും 153 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രാദേശിക സമയം പുലര്‍ച്ചെ 3.30 ഓടെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണം രൂക്ഷമായതോടെ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദിനെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നാണു റിപ്പോര്‍ട്ടുകള്‍.

മധ്യ പാരീസിലെ ബാറ്റാക്ലാന്‍ തിയേറ്റര്‍, വടക്കന്‍ പാരീസിലെ സ്റ്റാഡെ ഫ്രാന്‍സ് സ്റ്റേഡിയം എന്നിവിടങ്ങളിലടക്കം ഏഴിടങ്ങളിലാണ് ആക്രമണമുണ്ടാായത്. ബാറ്റാക്ലാന്‍ തിയേറ്ററില്‍ കടന്ന തോക്കുധാരികള്‍ വെടിയുതിര്‍ത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയവരെ ബന്ദികളാക്കി. ഇവരില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണു വിവരം. തിയേറ്ററിനു വെളിയിലും സ്‌ഫോടനങ്ങള്‍ നടന്നു. സമീപമുള്ള റെസ്റ്റോറന്റിലുണ്ടാായ വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.

വടക്കന്‍ പാരീസിലെ പ്രശസ്തമായ സ്റ്റാഡെ ഫ്രാന്‍സ് സ്റ്റേഡിയത്തിനു സമീപവും സ്‌ഫോടനമുണ്ടായി. ഫ്രാന്‍സ്-ജര്‍മനി സൗഹൃദ ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. മത്സരം കാണാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദിനെ സുരക്ഷിത ഇടത്തേക്കു മാറ്റി.

നാല് പേരടങ്ങുന്ന അക്രമസംഘമാണ് ആക്രമണം നടത്തിയത്. ഇതില്‍ രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഒരാളെ സൈനികര്‍ ജീവനോടെ പിടികൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ആക്രമണത്തിനു പിന്നില്‍ ഐഎസ് ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രവാചകനെ അവഹേളിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ജനുവരിയില്‍ ഷാര്‍ലി ഹെബ്ദോ എന്ന പത്രത്തിനു നേരെ ഭീകരാക്രമണം ഉണ്ടായതിന്റെ ഓര്‍മകള്‍ മായുംമുമ്പ് വര്‍ഷാന്ത്യത്തില്‍ ഫ്രാന്‍സില്‍ വീണ്ടുമുണ്ടായ ആക്രമണം സര്‍ക്കാരിനേയും ജനങ്ങളേയും ഒരു പോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Top