പാരീസില്‍ വീണ്ടും വെടിവയ്പ്പ്: രണ്ട് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്

പാരീസ്: പാരീസിലെ മോറൂഷില്‍ പൊലീസിനു നേരെ വെടിവെയ്പ്പ്. രണ്ട് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെടിയുതിര്‍ത്ത ആക്രമി ഓടി രക്ഷപ്പെട്ടു.

നഗരത്തിലെ പൊലീസ് വാഹനത്തിന് നേരെ ആക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

ഫ്രഞ്ച് വാരികയായ ഷാര്‍ളി എബ്‌ഡോയുടെ ഓഫീസിനു നേരെ ഇന്നലെ നടന്ന ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് വീണ്ടും പാരീസില്‍ വെടിവെയ്പ്പുണ്ടായിരിക്കുന്നത്. മൂന്ന് പേരടങ്ങുന്ന സംഘമായിരുന്നു ഓഫീസ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
മധ്യ പാരീസിലെ വാരികയുടെ ഓഫീസില്‍ കറുത്ത മുഖംമൂടിയണിഞ്ഞ് എത്തിയ ഭീകരര്‍ മാധ്യമപ്രവര്‍ത്തകരെ വെടി വച്ച് കൊല്ലുകയായിരുന്നു. കലാഷ്‌നിക്കോവ് റൈഫിളുകളും റോക്കറ്റ് ലോഞ്ചറുമുപയോഗിച്ച്, ഇസ്‌ലാം അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ആക്രമണം നടത്തിയത്. തുടര്‍ന്ന്, മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ചതിനു തങ്ങള്‍ പ്രതികാരം ചെയ്തുവെന്നു പ്രഖ്യാപിച്ച് ഭീകരര്‍ കാറില്‍ രക്ഷപ്പെട്ടു. മുഹമ്മദ് നബിയെയും മുസ്‌ലിം നേതാക്കളെയും മോശമായി ചിത്രീകരിക്കുന്നതിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുള്ള പ്രസിദ്ധീകരണമാണു ഷാര്‍ളി എബ്‌ഡോ.

Top