പാര്‍ട്ടികള്‍ക്ക് മാത്രമല്ല നേതാക്കള്‍ക്കും ഇത് നിലനില്‍പ്പിനായുള്ള അവസാന പോരാട്ടം ?

തിരുവനന്തപുരം: അരുവിക്കരയില്‍ വിജയക്കൊടി നാട്ടിയില്ലെങ്കില്‍ ഇടത്-വലത് മുന്നണികള്‍ക്കും ബിജെപിക്കും നിലനില്‍പ്പിന് തന്നെ വെല്ലുവിളിയും പാര്‍ട്ടികളില്‍ വെട്ടിനിരത്തലിനും സാധ്യത.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ അരുവിക്കരയില്‍ സര്‍ക്കാരിന്റെ ഭരണത്തെ കുറിച്ചുള്ള വിലയിരുത്തലായിരിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അരുവിക്കരയില്‍ അടിതെറ്റിയാല്‍ രാജിവയ്‌ക്കേണ്ടിവരും.

ബാര്‍ കോഴ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകള്‍ക്ക് വിരുദ്ധമായി മന്ത്രി കെ.എം മാണിക്ക് അനുകൂലമായ നിയമോപദേശം ലഭിച്ചിട്ടുണ്ടെങ്കിലും മുന്നണി സ്ഥാനാര്‍ത്ഥിയുടെ പരാജയമുണ്ടായാല്‍ കെ.എം മാണിക്കും മറുപടി പറയേണ്ടിവരും.

ഉമ്മന്‍ചാണ്ടി നേതൃസ്ഥാനത്ത് നിന്ന് മാറിയാല്‍ രമേശ് ചെന്നിത്തലക്കാണ് സാധ്യതയെങ്കിലും ഇതിന് കേരള കോണ്‍ഗ്രസ് ‘എം’ പിന്‍തുണ നല്‍കില്ലെന്ന് ഉറപ്പായതിനാല്‍ മറ്റാരെയെങ്കിലും പരിഗണിക്കുകയോ അതല്ലെങ്കില്‍ സുധീരനെ മുന്‍നിര്‍ത്തി പൊതു തെരഞ്ഞെടുപ്പിനെ നേരിടാനോ കോണ്‍ഗ്രസ് നേതൃത്വത്തിന് തയ്യാറാകേണ്ടി വരും. ആന്റണി വരാനുള്ള സാഹചര്യവും തള്ളിക്കളയാനാകില്ല.

എന്നാല്‍ യുഡിഎഫിന് ശബരീനാഥിലൂടെ മണ്ഡലം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ നിയമസഭയിലേക്ക് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനെയും അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആത്മവിശ്വാസമാകും. രണ്ട് തെരഞ്ഞെടുപ്പും ഒരുമിച്ചു നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ബിജെപി രണ്ടാം സ്ഥാനത്തും ഇടത് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തുമായാല്‍ ‘ഇത്തരമൊരു സാഹസത്തിന്’ കോണ്‍ഗ്രസ് മുതിര്‍ന്നേക്കും.

ഇങ്ങനെ വന്നാല്‍ ബാര്‍ കോഴ, സരിത തുടങ്ങിയ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി പൊതു തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പ്രതിരോധിക്കാനോ പ്രക്ഷോഭം സംഘടിപ്പിക്കാനോ ഇടത് മുന്നണിക്കോ ബിജെപിക്കോ പിന്നെ കഴിയുകയുമില്ല.

യുഡിഎഫിനും ബിജെപിക്കും പിന്നിലായാല്‍ പിന്നെ ‘പ്രതിപക്ഷമാണ്… കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ്…’ എന്നൊക്കെ പറഞ്ഞ് സിപിഎമ്മിന് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ധാര്‍മ്മികതയും നഷ്ടപ്പെടും.

വി.എസ് -പിണറായി പോരിന്റെ ഭാഗമായി പാര്‍ട്ടി അനുഭാവികളിലുണ്ടായ എതിര്‍പ്പായാണ് ഇടത് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ വിലയിരുത്തപ്പെടുക. ഇതിന്റെ മുഴുവന്‍ ‘പാപവും’ ഏറ്റുവാങ്ങേണ്ടി വരിക പിണറായി വിജയനും സംസ്ഥാന നേതൃത്വവും ആയിരിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയ പ്രതീക്ഷയും ഇതോടെ അവസാനിക്കും.

ഇനി അട്ടിമറി വിജയം അരുവിക്കരയില്‍ നേടുകയാണെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സര്‍ക്കാരിനെ ഇടത് പക്ഷം താഴെയിറക്കുമെന്നും ഉറപ്പാണ്.

വീരേന്ദ്ര കുമാറിന്റെ ജനതാദള്‍, ആര്‍എസ്പിയിലെ ഒരു വിഭാഗം, കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം എന്നിവര്‍ വിജയകുമാര്‍ അരുവിക്കരയില്‍ വിജയിക്കുകയാണെങ്കില്‍ ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ കാത്തിരിക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ വി.എസിനെതിരായി പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി അച്ചടക്ക നടപടി സ്വീകരിക്കാനും പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റാനും സിപിഎം നേതൃത്വം തയ്യാറായേക്കും.

അതേസമയം കേന്ദ്ര ഭരണത്തിന്റെ മികവില്‍ വോട്ട് തേടുന്ന ബിജെപി, ഒ രാജഗോപാലിനെ വിജയിപ്പിച്ചാല്‍ വലിയ കേന്ദ്ര പദ്ധതികളാണ് അരുവിക്കരയിലേക്കായി വാഗ്ദാനം ചെയ്യുന്നത്.

കേരളത്തില്‍ അക്കൗണ്ട് തുറക്കുകയോ അല്ലെങ്കില്‍ ചുരുങ്ങിയ പക്ഷം രണ്ടാം സ്ഥാനത്തെങ്കിലും എത്താനോ ബിജെപിക്ക് കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാന നേതൃത്വം തന്നെ മാറിയേക്കും.

വി.മുരളീധരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തെറുപ്പിക്കാന്‍ ചരട് വലിക്കുന്ന പി.കെ കൃഷ്ണദാസ് വിഭാഗത്തിന് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ പിടിമുറുക്കാന്‍ ഇത്തരമൊരു സാഹചര്യം വഴിയൊരുക്കും.

സംസ്ഥാന നേതൃത്വത്തിലെ ഭിന്നതക്കെതിരെ മുന്നറിയിപ്പ് നല്‍കിയ അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷാ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര മന്ത്രിമാരെ അയച്ചും മറ്റ് സഹായങ്ങള്‍ ചെയ്തും കൂടെത്തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ബിജെപിയും ആഗ്രഹിക്കുന്നില്ല.

അരുവിക്കരയില്‍ മുന്നേറ്റമുണ്ടാക്കിയില്ലെങ്കില്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് തഴയപ്പെടുമെന്നത് മാത്രമല്ല, വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനും ബിജെപിക്ക് ബുദ്ധിമുട്ടാകും.

എന്നാല്‍ അപ്രതീക്ഷിത വിജയം നേടുകയോ രണ്ടാം സ്ഥാനത്ത് ഒ.രാജഗോപാല്‍ എത്തുകയോ ചെയ്താല്‍ അത് വരുന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഗതിയെ തന്നെ മാറ്റിമറിക്കും. കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായി മാറാനുള്ള അവസരമാണ് ബിജെപിക്ക് അരുവിക്കരയില്‍ ഇതുവഴി തുറന്നുകിട്ടുക.

അസംതൃപ്തരായ സിപിഎം അനുഭാവികളെയും കുടുംബങ്ങളേയുമാണ് ബിജെപി അരുവിക്കരയില്‍ ‘ നോട്ടമിടുന്നത്’. വി.എസിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം മണ്ഡലത്തിലുടനീളം വിതരണം ചെയ്യുന്ന ബിജെപി പ്രവര്‍ത്തകരുടെ നടപടി ഇതിനകം തന്നെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുമുണ്ട്.

ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയാല്‍ പോലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളുടെയും ‘ചിത്രം’ തന്നെ മാറും. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നതിനാല്‍ ശബരിനാഥിന് എളുപ്പത്തില്‍ വിജയിക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍.

എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ വെല്ലുവിളിയായി അംഗീകരിക്കുന്നില്ലെങ്കിലും പി.സി ജേര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി പിടിക്കുന്ന വോട്ടുകള്‍ സ്ഥാനാര്‍ത്ഥികളുടെ ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക ഘടകമാകുമെന്നാണ് സൂചന.

ചീഫ് വിപ്പ് സ്ഥാനം തെറിച്ചശേഷം ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കുമെതിരെ കിരുശുയുദ്ധം പ്രഖ്യാപിച്ച പി.സി ജോര്‍ജിനും യുഡിഎഫില്‍ നിന്ന് പുറത്ത് വന്ന് ഇടത് മുന്നണിയോട് സഹകരിക്കുന്ന ആര്‍.ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി)ക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയം രാഷ്ട്രീയ നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരോ വോട്ടും നിര്‍ണ്ണായകമായതിനാല്‍ തങ്ങള്‍ക്ക് അനുകൂലമായ അവസാന വോട്ടും പോള്‍ ചെയ്യിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് എല്ലാ പാര്‍ട്ടികളും അരുവിക്കരയില്‍ ഒരുക്കിയിരിക്കുന്നത്. വീടുകളും കവലകളും കേന്ദ്രീകരിച്ച സ്‌ക്വാഡ് പ്രവര്‍ത്തനത്തിനാണ് എല്ലാ പാര്‍ട്ടികളും പ്രഥമ പരിഗണന നല്‍കുന്നത്.

സാധാരണ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന പാര്‍ട്ടികള്‍ കണ്ടെത്തുന്ന ന്യായീകരണം ഈ തെരഞ്ഞെടുപ്പില്‍ വിലപോവില്ലെന്നതും അരുവിക്കരയുടെ പ്രത്യേകതയാണ്. കാരണം നിര്‍ണ്ണായകമായ ഈ രാഷ്ട്രീയ പോരാട്ടത്തെ അഭിമാന പോരാട്ടമായി മാത്രമല്ല പല നേതാക്കളുടെയും നിലനില്‍പ്പിന്റെ പോരാട്ടമായി കൂടിയാണ് വിലയിരുത്തപ്പെടുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ് അച്യുതാന്ദന്‍, പിണറായി വിജയന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, പി.സി ജോര്‍ജ്, ആര്‍.ബാലകൃഷണ പിള്ള, കെ.ബി ഗണേഷ് കുമാര്‍ എന്നിവരുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന അഗ്‌നി പരീക്ഷണമാണ് അരുവിക്കരയില്‍ അരങ്ങേറുന്നത്.

Top