അരവിന്ദ് കെജ്‌രിവാളിന്റെ വൈകാരിക പ്രസംഗം യൂട്യൂബില്‍ വൈറലായി കുതിക്കുന്നു

ന്യൂഡല്‍ഹി: എ.എ.പി കെട്ടിപ്പടുത്ത പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഉള്‍പ്പെടെ നാലുമുതിര്‍ന്ന നേതാക്കളെ നിര്‍വാഹക സമിതിയില്‍നിന്നു പുറത്താക്കിയ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ വികാര നിര്‍ഭരമായ പ്രസംഗം വൈറലാകുന്നു. പ്രസംഗത്തിന്റെ വീഡിയോ യൂട്യൂബിലും പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും പോസ്റ്റ്‌ചെയ്തിട്ടുണ്ട്. പ്രസംഗത്തില്‍ പലപ്പോഴും വികാരഭരിതനായ കെജ്‌രിവാള്‍, ഭൂഷണിനും യാദവിനും എതിരേ നിശിത വിമര്‍ശനവുമാണ് അഴിച്ചുവിടുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം വിമതവിഭാഗം തന്നെ കൂടുതല്‍ ലക്ഷ്യംവച്ചു. ജൂണ്‍ ആദ്യത്തില്‍ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹകസമിതി യോഗം നടന്നു. യോഗത്തില്‍ ഞാന്‍ പൊട്ടിക്കരഞ്ഞു. നരേന്ദ്ര മോദിയെയും ഗഡ്കരിയെയും സല്‍മാന്‍ ഖുര്‍ഷിദിനെയും അംബാനിയെയുമൊക്കെ എനിക്കു നേരിടാന്‍ കഴിയും. പക്ഷേ, ഭൂഷണെയും യാദവിനെയും നേരിടാനാവില്ല. അന്ന് രാഷ്ട്രീയം വിടാനും തീരുമാനിച്ചതാണ്.

ഏറെക്കാലമായി പാര്‍ട്ടിയില്‍ നിലനിന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന ശ്രമങ്ങളെല്ലാം നടത്തി. എന്നാല്‍, സഹകരിക്കാന്‍ അവര്‍ തയാറായില്ല. എന്നെയും പാര്‍ട്ടിയെയും ദുര്‍ബലപ്പെടുത്താനാണ് അവര്‍ എപ്പോഴും ശ്രമിച്ചത്. പാര്‍ട്ടിക്കെതിരേ ഇരുവരും ഗൂഢാലോചന നടത്തി. മാധ്യമങ്ങള്‍ക്ക് പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തു. പാര്‍ട്ടിയെ വേണമെങ്കില്‍ കൊണ്ടുപൊയ്‌ക്കൊള്ളൂ, അല്ലാതെ അതിനെ നശിപ്പിക്കരുത്. ഒരു വര്‍ഷമായി പാര്‍ട്ടിയുടെ ഏതുയോഗത്തിലും ബഹളം പതിവാണ്. എന്നോടൊപ്പമാണോ അതോ അവര്‍ക്കൊപ്പമാണോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കു വിടുന്നുവെന്നും കെജ്‌രിവാള്‍ പ്രസംഗത്തില്‍ പറയുന്നു.

Top