വിശാഖപട്ടണം: ‘ആലപ്പുഴ’യില്‍ നിന്നിറങ്ങി വിശാഖപട്ടണത്തെത്തിയ വി.എസ് തന്നെ ചുവപ്പ് നഗരിയിലെ താരം.
സിപിഎം കേന്ദ്ര നേതാക്കളെ വിട്ട് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ വി.എസിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ്.
പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആരെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സസ്‌പെന്‍സ് നിലനിര്‍ത്തി സീതാറാം യച്ചൂരിക്ക് ആശംസകളുമായി അപ്രതീക്ഷിതമായി വി.എസ് എത്തിയത്.
എസ് രാമചന്ദ്രന്‍ പിള്ളക്ക് വേണ്ടി അണിയറയില്‍ ചരടുവലിക്കുന്ന ഒരു വിഭാഗം കേരള -കേന്ദ്ര നേതാക്കള്‍ക്കുള്ള പ്രഹരം കൂടിയായിരുന്നു വി.എസിന്റെ ‘ആശംസ’.
സിപിഎം സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായ വി.എസ് അച്യുതാനന്ദന്റെ വാക്കുകള്‍ വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സമ്മേളന നഗരിയിലും വി.എസിന്റെ ‘ആശംസ’ വലിയ ചര്‍ച്ചയായി.
ഇത്തരമൊരാശംസ സിപിഎമ്മില്‍ പതിവില്ലെന്ന് പറഞ്ഞ് എസ്.രാമചന്ദ്രന്‍ പിള്ളക്ക് തന്നെ പരസ്യമായി രംഗത്ത് വരേണ്ടി വന്നതും പിന്നീടുള്ള പുതുമയുള്ള കാഴ്ചയായി. താന്‍ മത്സരത്തിനില്ലെന്ന് മാധ്യമ പ്രവര്‍ത്തകരോട് ഒരു ഘട്ടത്തില്‍ വ്യക്തമാക്കാനും രാമചന്ദ്രന്‍ പിള്ള തയ്യാറായെന്നതും ശ്രദ്ധേയമാണ്.
തന്നെ കേന്ദ്ര കമ്മിറ്റി യോഗത്തിലെ ക്ഷണിതാവാക്കി ഒതുക്കിയാലും യെച്ചൂരി സെക്രട്ടറിയായാല്‍ നിലവിലെ സാഹചര്യങ്ങള്‍ മാറ്റിമറിക്കാമെന്ന കണക്കുകൂട്ടലിലാണ് വി.എസ്.
യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയാക്കാതിരിക്കാനുള്ള കേരള ഘടകത്തിന്റെ നീക്കങ്ങള്‍ക്ക് പാളയത്തില്‍ തന്നെ പടയൊരുങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ബംഗാള്‍ -തൃപുര ഘടകങ്ങളും ഭൂരിപക്ഷ സംസ്ഥാന ഘടകങ്ങളും യെച്ചൂരിക്ക് വേണ്ടി നിലയുറക്കുമ്പോള്‍ രാജ്യത്തെ പാര്‍ട്ടിയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രമായ കേരള ഘടകത്തിന്റെ പിന്‍തുണയാണ് രാമചന്ദ്രന്‍ പിള്ളയുടെ കരുത്ത്.
എന്നാല്‍ വി.എസിനെ എതിര്‍ക്കുന്ന നേതാക്കളില്‍ ഒരു വിഭാഗം യെച്ചൂരിയെ പിന്‍തുണക്കുന്നു എന്നത് പിണറായി- കോടിയേരി അച്ചുതണ്ടിന് പ്രഹരമാണ്.
ആലപ്പുഴ സമ്മേളനത്തോടെ തിരശ്ശീലക്ക് പിന്നിലേക്ക് മറഞ്ഞ വി.എസ്, വിശാഖപട്ടണത്ത് തന്ത്രപരമായ നീക്കം നടത്തുന്നതും അതിന് മാധ്യമങ്ങള്‍ നല്‍കുന്ന പിന്‍തുണയും കേരളഘടകത്തിലെ ഉന്നത നേതാക്കള്‍ ആശങ്കയോടെയാണ് കാണുന്നത്.
യെച്ചൂരിക്ക് വേണ്ടി സുഹൃത്തുക്കളായ ചില കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ വ്യക്തിപരമായും വി.എസ് ‘വോട്ട് പിടുത്തം’ നടത്തുന്നുണ്ടെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന വിവരം.