പാര്‍ട്ടി തലപ്പത്ത് നിന്ന് പുറത്തായതിനു പിന്നാലെ രജപക്‌സെക്കെതിരെ അന്വേഷണം ഊര്‍ജിതം

കൊളംബോ: തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അധികാരത്തില്‍ തുടരാന്‍ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദാ രജപക്‌സെ കരുക്കള്‍ നീക്കിയെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. സൈന്യത്തെ ഉപയോഗിച്ച് അട്ടിമറി നടത്താന്‍ രജപക്‌സെ ശ്രമിച്ചുവെന്നാണ് ആരോപണം.

മൈത്രിപാല സിരിസേന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയുടന്‍ അന്വേഷണത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു. വിദേശകാര്യ മന്ത്രി മംഗളാ സമരവീരയാണ് രജപക്‌സെക്കും അനുയായികള്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. മുന്‍ പ്രതിരോധ സെക്രട്ടറിയും സഹോദരനുമായ ഗോതഭയ രജപക്‌സെയുമായി ചേര്‍ന്ന് അട്ടിമറിക്ക് ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മുന്‍ ചീഫ് ജസ്റ്റിസ്, രണ്ട് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ എന്നിവരും ഗൂഢാലോചനയില്‍ പങ്കെടുത്തുവത്രേ. വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു ഗൂഢാലോചന നടന്നത്. ഫലം പുറത്തുവരും മുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനായിരുന്നു പദ്ധതിയെന്നും സമരവീര പറയുന്നു.

അതിനിടെ, തന്റെ പാര്‍ട്ടിയായ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയുടെ തലപ്പത്ത് നിന്ന് രജപക്‌സെ പടിയിറങ്ങി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പാര്‍ട്ടി വിട്ട ഇപ്പോഴത്തെ പ്രസിഡന്റ് സിരിസേനയാകും പുതിയ മേധാവി. അദ്ദേഹം പാര്‍ട്ടിയില്‍ തിരിച്ചെത്താതിരിക്കാന്‍ രജപക്‌സെ കരുക്കള്‍ നീക്കിയിരുന്നെങ്കിലും പ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് സിരിസേന പാര്‍ട്ടി തലപ്പത്തെത്തുന്നത്. അതേസമയം, രജപക്‌സെക്കും അദ്ദേഹത്തിന്റെ സഹോദരനും മകനുമെതിരെ പ്രതിപക്ഷം അഴിമതിയാരോപണങ്ങളുടെ പരമ്പര തന്നെ ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ പലതും പരാതികളായി വിവിധ കോടതികളില്‍ എത്തിയിട്ടുണ്ട്. പത്ത് വര്‍ഷത്തെ ഭരണ കാലയളവില്‍ രജപക്‌സെയുടെ കുടുബം കോടികള്‍ കുന്നുകൂട്ടിയെന്ന ആരോപണവും ശക്തമാണ്. രജപക്‌സെ ഔദ്യോഗിക വസതിയൊഴിഞ്ഞ ഘട്ടത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലെ നിരവധി ആഢംബര കാറുകള്‍ അപ്രത്യക്ഷമായതും പോലീസ് അന്വേഷിക്കുന്നുണ്ട്.

Top