സിപിഎം തള്ളിക്കളഞ്ഞ ചുംബന സമരത്തെ ആശീര്‍വദിച്ച് കൈരളി; പ്രതിഷേധം ശക്തം

തിരുവനന്തപുരം: വീടിനകത്ത് ചെയ്യേണ്ട കാര്യങ്ങള്‍ പുറത്ത് പരസ്യമായി നടത്തുന്ന ചുംബനസമരത്തെ തള്ളി ന്യൂജനറേഷന്‍ സമരത്തിന്റെ മുനയൊടിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാട് തള്ളി പാര്‍ട്ടി ചാനല്‍.

ലക്ഷക്കണക്കിന് സിപിഎം പ്രവര്‍ത്തകരും അനുഭാവികളും വിയര്‍പ്പൊഴുക്കി നല്‍കിയ ഓഹരിയുടെ ബലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ കൈരളി ടി.വിയാണ് പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട് തള്ളി കുടുംബങ്ങളെ അലോസരപ്പെടുത്തുന്ന ചുംബന സമരത്തിന്റെ നായകര്‍ക്ക് ചാനലില്‍ വേദി നല്‍കി പിന്തുണ പ്രഖ്യാപിച്ചത്.

കൈരളി ടി.വിയുടെ ഏറ്റവും ജനപ്രിയ പരിപാടിയായ ജെ.ബി ജംഗ്ഷന്റെ കഴിഞ്ഞ രണ്ട് എപ്പിസോഡുകളിലാണ് ഈ പാര്‍ട്ടി വിരുദ്ധ നിലപാട് അരങ്ങേറിയത്. കൈരളി ടി.വി എംഡിയും മുന്‍ എസ്എഫ്‌ഐ നേതാവും കൂടിയായ ജോണ്‍ ബ്രിട്ടാസാണ് ജെ.ബി ജംഗ്ഷന്റെ (ജോണ്‍ ബ്രിട്ടാസ് ജംഗ്ഷന്‍)അവതാരകന്‍. ഇടക്ക് കൈരളി വിട്ട് ഏഷ്യാനെറ്റിന്റെ തലപ്പത്ത് ചേക്കേറിയ ബ്രിട്ടാസിനെ പിണറായി ഇടപെട്ടാണ് വീണ്ടും കൈരളിയിലേക്ക് മടക്കിക്കൊണ്ട് വന്നിരുന്നത്.

ചുംബന സമരത്തിന്റെ ‘ബ്രാന്‍ഡ് അംബാസിഡറും’സാരഥികളുമായ രാഹുല്‍ പശുപാലും അരുന്ധതിയും പങ്കെടുത്ത പരിപാടിയുടെ തുടക്കത്തില്‍ തന്നെ താന്‍ മാനസികമായി ചുംബന സമരത്തെ അനുകൂലിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞാണ് സംവാദത്തിന് ബ്രിട്ടാസ് തിരികൊളുത്തിയത്. കേരളം ഇന്ന് കൈവരിച്ച നേട്ടങ്ങളുടെ പുറകില്‍ നടന്ന ഐതിഹാസികമായ പോരാട്ടങ്ങളോട് ചുംബന സമരത്തെ താരതമ്യം ചെയ്യാന്‍പോലും ഒരു ഘട്ടത്തില്‍ ചുംബന വാദികള്‍ തയ്യാറായി.

ഫേസ്ബുക്കിലെ ലൈക്കുകളുടേയും കമന്റുകളുടേയും ലിസ്റ്റ് നോക്കി ചരിത്ര സമരങ്ങളുടെ മുഖത്ത് ചവിട്ടുന്ന ന്യൂജനറേഷന്റെ പുത്തന്‍ ‘കാല്‍വപ്പിന്’മുഖമടിച്ച് മറുപടികൊടുക്കേണ്ടതിന് പകരം അവരുടെ വാദങ്ങളെ തന്ത്രപൂര്‍വ്വം പ്രോത്സാഹിപ്പിക്കുകയാണ് ബ്രിട്ടാസിലെ ‘കച്ചവടക്കാരന്‍’ ചെയ്തത്. ചാനല്‍ റേറ്റിങ്ങിനും, പബ്ലിസിറ്റിക്കുംവേണ്ടി കൈരളിയെപ്പോലുള്ള ഒരു ചാനല്‍ കുടുംബങ്ങളെ അലോസരപ്പെടുത്തുന്ന ചുംബന സമരത്തെ പ്രോത്സാഹിപ്പിക്കരുതെന്ന വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.

നേരത്തെ ചുംബന സമരത്തിന് ഫേസ്ബുക്കിലൂടെ പിന്തുണ പ്രഖ്യാപിച്ചിരുന്ന പിണറായി വിജയന്‍ പിന്നീട് പൊതു സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് ചുംബന സമരത്തെ തള്ളിപ്പറഞ്ഞതിന്റെ ‘ക്ഷീണം’പാര്‍ട്ടി ചാനല്‍ വഴി തീര്‍ക്കാനാണ് ചുംബന വാദികള്‍ ശ്രമിച്ചതെന്നാണ് സിപിഎം അണികളുടെ പ്രതികരണം.

എറണാകുളത്തും കോഴിക്കോടും എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ സംഘടനകളിലെ ഒരു വിഭാഗത്തില്‍ നിന്ന് ലഭിച്ചിരുന്ന പിന്‍തുണ പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട് വന്നതിനെ തുടര്‍ന്ന് അവസാനിച്ചത് ചുംബനസമരക്കാര്‍ക്ക് തിരിച്ചടിയായിരുന്നു.

സമരക്കാരെ ആക്രമിക്കാന്‍ വരുന്ന ശിവസേനക്കാരെ നേരിടാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തുമെന്ന് വിശ്വസിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നിലൂടെ മുതലക്കുളത്തേക്ക് പ്രകടനം നടത്തിയ ചുംബന വാദികളെ തിരഞ്ഞ് പിടിച്ചാണ് ശിവസേനക്കാര്‍ ‘കൈകാര്യം’ ചെയ്തിരുന്നത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എം.ബി രാജേഷിന്റെ ആഹ്വാന പ്രകാരം ശിവസേനയുടേയും ഹനുമാന്‍ സേനയുടേയും അതിക്രമങ്ങള്‍ക്കെതിരെ പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കണ്ടായിരുന്നു കോഴിക്കോട് രാത്രി നടന്ന’ചുംബന പ്രകടനം’.

ചുംബന സമരത്തെ പിന്തുണച്ച നടപടി സിപിഎമ്മിലും ഡിവൈഎഫ്‌ഐ – എസ്എഫ്‌ഐ സംഘടനകളിലും ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി നിലപാട് മാറ്റം പിണറായി പ്രഖ്യാപിച്ചത്.

ചുംബന സമരം കാണാന്‍ ആളുകള്‍ വരാതിരിക്കുകയും റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറാകാതെയിരിക്കുകയും ചെയ്യുന്ന ഘട്ടംവരെ ചുംബന സമരവുമായി മുന്നോട്ട് പോകുമെന്ന് ജെ.ബി ജംഗ്ഷനില്‍ അരുന്ധതിയും രാഹുല്‍ പശുപാലും വ്യക്തമാക്കി. ഒരു സ്ത്രീക്കും പുരുഷനും പൊതു ഇടത്തില്‍ ചുംബിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് ശക്തമായി വാദിച്ച രാഹുലും അരുന്ധതിയും സ്വന്തം മാതാപിതാക്കള്‍ പോലും തങ്ങളുടെ നിലപാടിനെ അംഗീകരിച്ചിരുന്നില്ലെന്ന് ഒരു ഘട്ടത്തില്‍ വ്യക്തമാക്കി. ഒരേ സമര വേദിയില്‍ നിരവധിപേരെ മാറി മാറി ചുംബിച്ച അരുന്ധതിയുടെ ഫോട്ടോ ഫേസ്ബുക്കില്‍ വൈറലായത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.

സ്വന്തം മാതാപിതാക്കള്‍ക്ക് പോലും ബോധ്യപ്പെടാത്ത സമരമുറ പൊതു സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ യുക്തി ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ 24 മണിക്കൂറിന് ശേഷം തന്റെ മാതാപിതാക്കള്‍ നിലപാട് തിരുത്തിയതായി അരുന്ധതി മലക്കം മറിഞ്ഞു. താന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ വസ്ത്രധാരണവും മറ്റും മുന്‍ നിര്‍ത്തി സീനിയേഴ്‌സിന്റെ ഭാഗത്ത് നിന്ന് മോറല്‍ പൊലീസിങ് ഉണ്ടായതായും അരുന്ധതി ചൂണ്ടിക്കാട്ടി.

എസ്എഫ്‌ഐയുടെ എക്കാലത്തേയും ശക്തിദുര്‍ഗ്ഗമായ യൂണിവേഴ്‌സിറ്റി കോളേജിലെ അനുഭവങ്ങളിലേക്ക് വല്ലാതെ ഇറങ്ങിച്ചെന്നാല്‍ ‘വിവരമറിയും’എന്നുള്ളതിനാലാണോ എന്നറിയില്ല, എന്തായാലും യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ നിന്നും തന്ത്രപൂര്‍വ്വം ബ്രിട്ടാസ് ഒഴിഞ്ഞുമാറി.

ചുംബനസമരത്തെ അനുകൂലിച്ചും എതിര്‍ത്തും ഇടക്ക് പ്രത്യക്ഷപ്പെട്ട മറ്റ് അതിഥികള്‍ സംസാരിച്ചുവെങ്കിലും സംവാദത്തിന്റെ തുടക്കംമുതല്‍ ഒടുക്കംവരെ ചുംബന സമരത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താന്‍ ചുംബന വാദികള്‍ക്ക് അവസരം നല്‍കുകയാണ് ബ്രിട്ടാസ് ചെയ്തത്. ഒടുവില്‍ ചുംബന സമരത്തിന് പുതിയ ദിശാബോധം നല്‍കാന്‍ രാഹുലിനും അരുന്ധതിക്കും കഴിയട്ടെ എന്നാശംസിച്ച് ബ്രിട്ടാസ് ജെ.ബി ജംഗ്ഷന്‍ പരിപാടിക്ക് വിരാമമിടുകയും ചെയ്തു.

സാംസ്‌കാരിക കേരളം അംഗീകരിക്കാത്ത ഇത്തരം സമരങ്ങള്‍ക്ക് ഇനിയും ജെ.ബി ജംഗ്ഷന്‍ പ്രോത്സാഹനം നല്‍കിയാല്‍ ജെ.ബി ജംഗ്ഷന്‍ ട്രാഫിക് കുരുക്കില്‍ കുടുങ്ങുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

രാഷ്ട്രീയ എതിരാളികളുള്‍പ്പെടെ എല്ലാ വിഭാഗത്തിനും ചാനല്‍ പരിഗണന കൊടുക്കേണ്ടത് അനിവാര്യമാണെങ്കിലും സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന ചുംബന സമരത്തെ ഒരു കാരണവശാലും കൈരളി പ്രോത്സാഹിപ്പിക്കരുതെന്ന വികാരമാണ് സിപിഎം പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്.

Top