തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കി എം.പി.വീരേന്ദ്ര കുമാറിനെ കോണ്‍ഗ്രസ് ചതിച്ചുവെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള. പാലക്കാട് മത്സരിക്കരുതെന്ന് താന്‍ വീരേന്ദ്ര കുമാറിനോട് ഉപദേശിച്ചിരുന്നതായും ബാലകൃഷ്ണ പിള്ള പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലകൃഷ്ണ പിള്ള ഇക്കാര്യം വ്യക്തമാരക്കിയത്.
വീരേന്ദ്ര കുമാറിനെ ചതിച്ചത് ആരെല്ലാമാണെന്ന് അറിയാം. ഇക്കാര്യങ്ങളെല്ലാം തന്നെ യു.ഡി.എഫിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നും പിള്ള പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമോയന്ന് അറിയില്ല. വോട്ട് ചെയ്യുന്നത് ജനങ്ങളാണെന്നും അവര്‍ വോട്ട് ചെയ്താല്‍ യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തും. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്. അഴിമതി കണ്ടാല്‍ ഇനിയും തുറന്ന് പറയും. ആരോപണങ്ങള്‍ എഴുതി നല്‍കാനാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ എഴുതി നല്‍കിയിട്ടും ഒരു കാര്യവും ഇല്ലെന്ന് തനിക്കറിയാമെന്ന് പിള്ള കൂട്ടിച്ചേര്‍ത്തു.
വീരേന്ദ്ര കുമാറിന്റെ തോല്‍വിയെ കുറിച്ച് പഠിക്കാന്‍ യു.ഡി.എഫ് നിയോഗിച്ച ഉപസമിതിയുടെ അദ്ധ്യക്ഷനാണ് ബാലകൃഷ്ണപിള്ള.