പിണറായിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം; സിപിഎമ്മിലും ഘടക കക്ഷികളിലും ഭിന്നത

തിരുവനന്തപുരം:ഇടതുപക്ഷത്തിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിണറായി വിജയനാണെന്ന് പരസ്യ പ്രസ്താവന നടത്തിയ സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്റെ നടപടിയില്‍ സിപിഎമ്മിലും ഇടത് ഘടകകക്ഷികളിലും കടുത്ത അതൃപ്തി.

സിപിഎം സംസ്ഥാന- കേന്ദ്ര കമ്മറ്റി യോഗങ്ങള്‍ ഇതുസംബന്ധമായി തീരുമാനമെടുത്തിട്ടില്ലെന്നിരിക്കെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ഇ.പി ജയരാജന്‍ പരസ്യ പ്രസ്താവന നടത്തിയത് ശരിയായില്ലെന്ന നിലപാടിലാണ് നേതാക്കള്‍.

ഇക്കാര്യത്തില്‍ സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ക്കുള്ള എതിര്‍പ്പ് കൂടി മുന്‍നിര്‍ത്തിയാണ് ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നതെന്നാണ് സൂചന. മുഖ്യമന്ത്രിയാകാന്‍ യോഗ്യരായ നിരവധിപേര്‍ സിപിഎമ്മിലുണ്ടെന്നും അവരില്‍ ഒരാള്‍ മാത്രമാണ് പിണറായി എന്നും വൈക്കം വിശ്വന്‍ തുറന്നടിച്ചത് രാഷ്ട്രീയ നിരീക്ഷകരെയും ഞെട്ടിച്ചിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായിയുടെ മുന്നില്‍ നില്‍ക്കാന്‍ പോലും മുട്ട് വിറക്കുന്ന നേതാക്കള്‍ നേതൃമാറ്റത്തോടെ നിലപാടില്‍ മാറ്റം വരുത്തുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്റെയും ഇടത് ഘടകകക്ഷികളുടെയും നിലപാട് അറിയാതെ ഇത്തരമൊരു പരസ്യ പ്രതികരണത്തിന് ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ തയ്യാറാവില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പിണറായിയെ മുന്‍നിര്‍ത്തി തെരെഞ്ഞെടുപ്പിനെ നേരിട്ടാല്‍ തിരിച്ചടിയാകുമോയെന്ന ഭയം ഇടത് മുന്നണി നേതാക്കള്‍ക്കിടയില്‍ നിലവിലുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സിപിഎം നേതൃത്വവുമായി ‘ഉടക്ക് ‘ തുടരുന്ന വി.എസിന്റെ പ്രതികരണം എപ്പോള്‍ വേണമെങ്കിലും ഉണ്ടാവുമെന്നിരിക്കെ പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയ ഇ.പി ജയരാജന്‍ വി.എസിന് പിണറായിയോട് അസൂയയും വൈരാഗ്യവുമാണെന്ന് തുറന്നടിച്ചത് വിവാദമായിരുന്നു.

ഇ.പി ജയരാജനുള്ള മറുപടി ഉടന്‍ തന്നെ മാധ്യമ പ്രവര്‍ത്തകരെ വിളിച്ച് വരുത്തി താന്‍ തരുമെന്ന് വി.എസ് ഇന്നലെ കോട്ടയത്ത് വ്യക്തമാക്കിയതും സിപിഎം നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം അടക്കമുള്ളവ രാജിവച്ച് വി.എസ് സിപിഎം വിടുമെന്ന പ്രചാരണത്തിന്റെ മുനയൊടിച്ചാണ് വി.എസിന്റെ ഇപ്പോഴത്തെ നീക്കം.

പോളിറ്റ് ബ്യൂറോ -കേന്ദ്ര കമ്മറ്റി യോഗങ്ങളും പാര്‍ട്ടി കോണ്‍ഗ്രസും കഴിയുന്നതുവരെ പിടിച്ച് നില്‍ക്കാനും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ആഞ്ഞടിക്കാനുമാണ് അദ്ദേഹത്തിന്റെ നീക്കം. വി.എസിന്റെ ഈ നിലപാട് സിപിഎം സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായാല്‍ വി.എസ് കൂടുതല്‍ കരുത്തനാകുമെന്നതാണ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നത്. അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് അധികാരം ലഭിക്കണമെങ്കില്‍ വി.എസ് പ്രചാരണം നയിക്കണമെന്നതാണ് സീതാറാം യെച്ചൂരിയുടെയും ഇടത് ഘടകകക്ഷികളുടെയും നിലപാട്. അങ്ങനെ വന്നാല്‍ വി.എസിന് കൂടി സ്വീകാര്യനായ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായിരിക്കും പ്രാമുഖ്യം ലഭിക്കുക.

യുഡിഎഫില്‍ നിന്ന് ഘടകകക്ഷികളെ അടര്‍ത്തി ഭരണം പിടിക്കാനുള്ള സിപിഎം ഔദ്യോഗിക വിഭാഗത്തിന്റെ നീക്കത്തിന് വി.എസും സിപിഐയും ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. മുസ്ലീംലീഗിനെയോ കേരള കോണ്‍ഗ്രസിനെയോ ഇടത് മുന്നണിയിലെടുക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണവര്‍.

അതേസമയം ഇടത് മുന്നണി വിട്ട ആര്‍എസ്പി, വീരേന്ദ്ര കുമാര്‍ വിഭാഗം ജനതാ പരിവാര്‍ എന്നിവരെ മുന്നണിയില്‍ തിരിച്ചെടുക്കണമെന്നും വി.എസും സിപിഐയും ആവശ്യപ്പെടുന്നു. പാര്‍ട്ടിയില്‍ തന്റെ നിലപാടിന് വിലയില്ലാത്ത സാഹചര്യത്തില്‍ ഘടകകക്ഷികളെ കൂട്ടുപിടിച്ച് ‘വിലപേശാനാണ്’ വി.എസിന്റെ നീക്കം.

പാര്‍ട്ടി വിരുദ്ധനെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം കേന്ദ്ര കമ്മറ്റി റദ്ദാക്കിയില്ലെങ്കില്‍ സിപിഎം ഒഴികെയുള്ള ഇടത് ഘടകകക്ഷികളെയും സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളെയും കൂട്ടുപിടിച്ച് ‘ബദല്‍’സംവിധാനം ഒരുക്കുന്നതിനെ കുറിച്ചും വി.എസ് ക്യാമ്പില്‍ ആശയവിനിമയം നടക്കുന്നുണ്ട്.

Top