ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ സ്ത്രീകളെ സംബന്ധിച്ച് രാജ്യസഭയില്‍ നടത്തിയ വിവാദമായ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് ജനതാ ദള്‍ യുനൈറ്റഡ് നേതാവ് ശരദ് യാദവ്. യാദവിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നിരുന്നു. സഭയില്‍ കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് വിഷയം ഉന്നയിച്ചു. ദക്ഷിണേന്ത്യന്‍ സ്ത്രീകളെയും അതുപോലെ തന്നെയും സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായി. ആ നിലപാടില്‍ നിന്ന് പിന്നാക്കം പോകണമെന്നാണ് പറയാനുള്ളത്. പരാമര്‍ശത്തോട് പൂര്‍ണമായും വിയോജിക്കുന്നു. ഉത്തരവാദപ്പെട്ട അംഗത്തോട് അത് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയാണ്. രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അതേസമയം വിഷയത്തില്‍ സംവാദത്തിന് തയ്യാറാണെന്ന് ശരദ് യാദവ് പറഞ്ഞു. താനെന്താണ് പറഞ്ഞത്. സാന്‍വ്‌ലി (കറുത്തിരുണ്ട) സ്ത്രീകള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് തന്നെ എണ്ണത്തില്‍ മുന്നിലാണ്. രാംമനോഹര്‍ ലോഹ്യയുടെയും മറ്റുള്ളവരുടെയും സമരത്തെ കുറിച്ച് ആരോടും സംവാദത്തിന് തയ്യാറാണ്. യാദവ് പറഞ്ഞു. യാദവിന്റെ പ്രസ്താവനയെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ ഒരു പോലെ എതിര്‍ത്തു. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് കേന്ദ്ര മാനവവിഭവശേഷി സ്മൃതി ഇറാനി അഭ്യര്‍ഥിച്ചു. ഒരു സ്ത്രീയുടെയും തൊലിനിറത്തെ സംബന്ധിച്ച് പ്രസ്താവന നടത്തരുത്. താങ്കളൊരു മുതിര്‍ന്ന നേതാവാണ്. രാജ്യത്തിന് ഇതിലൂടെ തെറ്റായ സന്ദേശമാണ് ലഭിക്കുക. അവര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ച അനുവദിക്കില്ലെന്ന് ചെയറിലുണ്ടായിരുന്ന ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ പറഞ്ഞു.