പി.സിയെ വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം; അട്ടിമറി പ്രതീക്ഷിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജിനെ തല്‍സ്ഥാനത്ത്‌നിന്ന് മാറ്റാന്‍ യുഡിഎഫില്‍ നീക്കം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്‍തുണയോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റേതാണ് നീക്കം

ഇതുസംബന്ധമായി പി.സി ജോര്‍ജിനെ ഒഴിവാക്കി ചേര്‍ന്ന കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ ജോര്‍ജിനെ വിപ്പ് സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്ന ആവശ്യം ശക്തമായി. മാണി വിഭാഗം എംഎല്‍എമാരാണ് പി.സി ജോര്‍ജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

അച്ചടക്ക നടപടി സ്വീകരിക്കണമെങ്കിലും വിപ്പ് സ്ഥാനത്ത് നിന്ന് ജോര്‍ജിനെ മാറ്റുന്നതിനോട് പി.ജെ ജോസഫ് വിഭാഗം എംഎല്‍എമാര്‍ക്ക് യോജിപ്പില്ലായിരുന്നു. എന്നാല്‍ മാണി മന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമായിരുന്നുവെന്ന് പരസ്യ പ്രതികരണം നടത്തിയ ജോര്‍ജിനെ വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ മാണി വിഭാഗം ഉറച്ച് നിന്നതോടെ തീരുമാനം ചെയര്‍മാന്‍ കെ.എം മാണിക്ക് വിടുകയായിരുന്നു.

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനുമായും ആലോചിച്ച് പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ മാണി ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് യോഗ തീരുമാനം അറിയിക്കാന്‍ മന്ത്രി പി.ജെ ജോസഫുമൊത്താണ് മാണി പോയത് എന്നതും ശ്രദ്ധേയമാണ്.

പാര്‍ട്ടിയില്‍ നിന്ന് ഉടനെ പുറത്താക്കിയാല്‍ ജോര്‍ജിന് കൂറ് മാറ്റ നിയമ പ്രകാരം എംഎല്‍എ സ്ഥാനം നഷ്ടപ്പെടില്ല എന്നതിനാലാണ് വിപ്പ് സ്ഥാനത്ത് നിന്ന് മാത്രം മാറ്റുന്നതെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.

രാജ്യസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണോ അതോ അതിന് മുന്‍പ് തന്നെ ജോര്‍ജിനെ മാറ്റുമോ എന്ന കാര്യത്തില്‍ സസ്‌പെന്‍സ് നിലനില്‍ക്കുകയാണ്.

അതേസമയം സിപിഎം എംഎല്‍എ ആയ ശെല്‍വരാജിനെ യുഡിഎഫിലേക്ക് മാറ്റുന്നതിന് നേതൃത്വം നല്‍കിയ പി.സി ജോര്‍ജിനെ കൈവിട്ടാല്‍ അത് സര്‍ക്കാരിന്റെ നിലനില്‍പിനെ തന്നെ അപകടത്തിലാക്കുമെന്ന ആശങ്ക ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കും ലീഗ് നേതൃത്വത്തിനുമുണ്ട്.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെ ചൊല്ലി ആര്‍എസ്പി അടക്കം ഉടക്കി നില്‍ക്കെ പി.സി ജോര്‍ജ് കളംമാറ്റി ചവിട്ടുകയും ഭരണപക്ഷ എംഎല്‍എമാരില്‍ ചിലരെ സ്വാധീനിക്കുകയും ചെയ്താല്‍ രാജ്യസഭാ സീറ്റില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി പരാജയപ്പെടുമോയെന്ന ഭയം ലീഗ് നേതൃത്വത്തിനുണ്ട്. ഭരണപക്ഷത്തിന് ലഭിക്കുന്ന രണ്ട് സീറ്റില്‍ രണ്ടാമത്തെ സീറ്റില്‍ മത്സരിക്കുന്നത് ലീഗ് സ്ഥാനാര്‍ത്ഥിയാണ്.

കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയും ലീഗ് പ്രതിനിധി വഹാബും യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളാകുമെന്നാണ് സൂചന. പ്രതിപക്ഷത്തിന്റെ ജയസാധ്യതയുള്ള സീറ്റില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.കെ രാഗേഷാണ് മത്സരിക്കുന്നത്. രണ്ടാമത്തെ സ്ഥാനാര്‍ത്ഥി സിപിഐക്കാണ്. ഭരണപക്ഷ ഭിന്നതയില്‍ ഈ സീറ്റില്‍ സിപിഐക്ക് വിജയ പ്രതീക്ഷയുണ്ട്.

രാജ്യസഭയില്‍ അട്ടിമറി നടന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ധാര്‍മ്മികമായി ഭരണത്തില്‍ തുടരാനുള്ള അവകാശമുണ്ടാകില്ല. ഈ അപകടം മുന്നില്‍ കണ്ട് ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റാതിരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലുയും ലീഗ് നേതാവും വ്യവസായ മന്ത്രിയായ പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്തിറങ്ങിയിട്ടുണ്ട്. ഇരു വിഭാഗത്തെയും അനുനയിപ്പിക്കാനാണ് ഇവരുടെ നീക്കം.

എന്നാല്‍ ഈ നീക്കത്തോട് മാണി ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വിപ്പ്സ്ഥാനം കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമായതിനാല്‍ കേരള കോണ്‍ഗ്രസിലെ മറ്റൊരാള്‍ക്ക് വിപ്പ് സ്ഥാനം നല്‍കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അതേസമയം യുഡിഎഫിലെ സംഭവവികാസങ്ങളെ പ്രതിപക്ഷം ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

ജോര്‍ജിന്റെ നിലപാട് അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ഇടത് നേതാക്കള്‍. പിണറായി വിജയന്റെ നിലപാട് സിപിഎം നിലപാടില്‍ നിര്‍ണായകമാകും.

Top