യംഗൂണ്‍: മ്യാന്‍മറിലെ മുസ്‌ലിം യുവാവ് കംപ്യൂട്ടര്‍ ഉപയോഗത്തില്‍ വൈദഗ്ധ്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ പിടികൂടി തടവിലിട്ടു. തന്റെ വൈദഗ്ധ്യം ഉപയോഗിച്ചു മ്യാന്‍മറിലെ മുസ്‌ലിംകള്‍ക്കെതിരേ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന പീഡനങ്ങള്‍ പുറംലോകത്തെ അറിയിച്ചേക്കുമോയെന്ന ആശങ്കയാണു സര്‍ക്കാരിനെ കുടിലനീക്കത്തിനു പ്രേരിപ്പിച്ചതെന്ന് അരാക്കന്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
മുജീബുര്‍ റഹ്മാന്‍ സിറാജുല്‍ ഹഖിനെയാണ് ഓഫിസില്‍നിന്നു കംപ്യൂട്ടര്‍ സഹിതം പോലിസ് അറസ്റ്റ് ചെയ്ത് തടവിലിട്ടത്. സിറാജുല്‍ ഹഖ് മാസങ്ങളായി അധികൃതരുടെ നിരീക്ഷണത്തിലായിരുന്നെന്നും അയാള്‍ ലോകമാധ്യമങ്ങളുമായി ബന്ധപ്പെടുന്നതു ശ്രദ്ധയില്‍ പെട്ടെന്നുമാണ് വിശദീകരണം.
ഇതിനു പിന്നാലെ രണ്ടു ചെറുപ്പക്കാരെക്കൂടി അറസ്റ്റ് ചെയ്തതോടെ മംഗ്‌ദോ പട്ടണത്തിലെ കംപ്യൂട്ടര്‍, ഇന്റെര്‍നെറ്റ് കഫേകള്‍ അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാരിന്റെ പുതിയ നയമനുസരിച്ച് റോഹിന്‍ഗ്യ മുസ്‌ലിംകളെ ബംഗാളിമുസ്‌ലിംകളെന്നു മാത്രമേ ഇനി വിശേഷിപ്പിക്കാനാവൂ.
പീഡനങ്ങളെ തുടര്‍ന്നു ആയിരക്കണക്കിന് റോഹിന്‍ഗ്യ മുസ്ലിംകളാണ് രാജ്യത്ത് നിന്നു പലായനം ചെയ്തത്. രാജ്യത്ത് നിന്നു ഒളിച്ചോടുന്നതിനിടെ പിടിയിലാവുന്നവരെ സൈന്യം ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കാറുണെ്ടന്ന റിപോര്‍ട്ടുകള്‍ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു.